പാലക്കാട്ടും മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം
text_fieldsപാലക്കാട്: കൊച്ചിക്ക് പിന്നാലെ പാലക്കാട്ടും മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാവിലെ തൃശൂർ മണ്ണുത്തിയിലെ പരിപാടി കഴിഞ്ഞ് പാലക്കാട്ടേക്ക് വരുന്നതിനിടെ പന്നിയങ്കര ടോൾപ്ലാസക്ക് സമീപമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടി കരിങ്കൊടി കാണിച്ചത്. ഇതിൽ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും മറ്റുള്ളവരെ ലാത്തിച്ചാർജ് ചെയ്യുകയും ചെയ്തു. പ്രതിഷേധം കണക്കിലെടുത്ത് രാവിലെ ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു. ഇവർ ഇപ്പോഴും പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിലാണ്.
വൈകീട്ട് നാലിന് പാലക്കാട് ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം നിർവഹിക്കുന്നത് മുഖ്യമന്ത്രിയാണ്. ഇവിടെയും പ്രതിഷേധം ഉണ്ടാവുമെന്ന സൂചനയെ തുടർന്ന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നികുതി വർധനക്കെതിരെ കഴിഞ്ഞദിവസം കൊച്ചിയിലടക്കം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധം അരങ്ങേറിയിരുന്നു.
അങ്കമാലിയിൽ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധമുണ്ടായി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ചാടി വീണ പ്രവർത്തകർ കരിങ്കൊടികൾ വാഹനത്തിന് നേരെ വലിച്ചെറിയുകയായിരുന്നു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.