സി.പി.എം ക്രിമിനലുകളുടെ അഴിഞ്ഞാട്ടമെന്ന് വി.ഡി. സതീശൻ; ‘മുഖ്യമന്ത്രി പ്രതിഷേധത്തിന്റെ ചൂടറിയും’
text_fieldsതിരുവനന്തപുരം: നവകേരള സദസിന്റെ പേരിൽ സി.പി.എം ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണ് നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കല്യാശ്ശേരിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകരെ സി.പി.എം -ഡി.വൈ.എഫ്.ഐ ക്രിമനലുകൾ തല്ലിച്ചതച്ചതായും വനിതാ പ്രവർത്തകരെ പോലും ഒരു സംഘം ഗുണ്ടകൾ കായികമായി നേരിടുന്നത് കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. അതിന്റെ പേരിൽ നിയമം കൈയ്യിലെടുത്ത് അക്രമം അഴിച്ചുവിടാൻ സി.പി.എം ഗുണ്ടകൾക്ക് ആരാണ് അനുമതി നൽകിയത്. സി.പി.എം ബോധപൂർവം അക്രമം അഴിച്ചുവിടുമ്പോൾ ചലിക്കാതെ നിന്ന പൊലീസ് ക്രിമിനൽ കുറ്റമാണ് ചെയ്തത്. യു.ഡി.എഫ് പ്രവർത്തകരെ കായികമായി നേരിട്ട് നവകേരള സദസ് സംഘടിപ്പിക്കാനാണ് നീക്കമെങ്കിൽ തിരുവനന്തപുരം വരെ മുഖ്യമന്ത്രി കരിങ്കൊടി കാണുമെന്നും ജനാധിപത്യ പ്രതിഷേധത്തിന്റെ ചൂടറിയുമെന്നും സതീശൻ മുന്നറിയിപ്പ് നൽകി.
മാടായിപ്പാറ പാളയം മൈതാനത്ത് കല്ല്യാശ്ശേരി മണ്ഡലം നവകേരള സദസ് കഴിഞ്ഞ് തളിപ്പറമ്പിലേക്ക് പോകുന്നതിനിടയിലാണ് പഴയങ്ങാടി എരിപുരത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പ്രതിഷേധത്തിന് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് ജില്ല വെസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാലിനെയും പ്രവർത്തകരെയും സി.പി.എം പ്രവർത്തകർ കൂട്ടംചേർന്ന് തല്ലിച്ചതച്ചിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരും സി.പി.എം പ്രവർത്തകരും ചേർന്ന് തടഞ്ഞുവെച്ച ശേഷം മുഖ്യമന്ത്രിയുടെ ബസ് കടന്നുപോയതിനുപിന്നാലെയാണ് മർദിച്ചത്. പൂച്ചട്ടികളും ഹെൽമറ്റും ഉപയോഗിച്ചായിരുന്നു മർദനം. പരിക്കേറ്റ പ്രവർത്തകരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയുടെ നവകേരളയാത്രക്ക് മുന്നോടിയായി പഴയങ്ങാടിയിൽ കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ കസ്റ്റഡിയിൽ എടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.