യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ കൈ തല്ലിയൊടിച്ചു
text_fieldsഹരിപ്പാട്: വീടുകയറി അക്രമം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ കൈ തല്ലിയൊടിച്ചു. താമല്ലാക്കൽ വടക്ക് മണ്ഡലം പ്രസിഡന്റും കുമാരപുരം പഞ്ചായത്ത് കോൺഗ്രസ് നേതാവുമായ കെ. സുധീറാണ് കൈയേറ്റത്തിനിരയായത്. കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിൽ കഴിയുന്ന സുധീറിന്റെ കൈക്ക് പരിക്കേറ്റതിനെ തുടർന്ന് നാരകത്തറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ശ്രീക്കുട്ടൻ, കോൺഗ്രസ് പ്രവർത്തകരും സഹോദരന്മാരുമായ കാട്ടിൽ മാർക്കറ്റ് കുറ്റി വേലിക്കാട്ടിൽ രഞ്ജിത്ത് (38), സഞ്ജിത്ത് ( കിട്ടു -36) എന്നിവർ ചേർന്നാണ് വീട് കയറി ആക്രമിച്ചതെന്ന് സുധീർ പറയുന്നു. 20-ാം നമ്പർ ബൂത്ത് പ്രസിഡന്റായിരുന്ന ശ്രീക്കുട്ടനെ കെ.പി.സി.സി നിർദേശ പ്രകാരം കഴിഞ്ഞ ദിവസം ഒഴിവാക്കി അഖില എന്ന പ്രവർത്തകക്ക് ചുമതല നൽകിയിരുന്നു. ഇതാണത്രെ അക്രമത്തിന് കാരണം. ആദ്യം ശ്രീക്കുട്ടൻ ഫോൺ വിളിച്ച് അസഭ്യം പറഞ്ഞതോടെ സുധീർ ഫോൺ കട്ട് ചെയ്തു. പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ വീട്ടിലെത്തി നിർത്താതെ കോളിങ് ബൽ അടിച്ചു. വാതിൽ തുറന്നു പുറത്തു വന്ന തന്നെ ശ്രീക്കുട്ടനും സജിത്തും ചേർന്ന് സിറ്റൗട്ടിൽ കിടന്ന തടിക്കസേര എടുത്ത് അടിക്കുകയായിരുന്നുവെന്ന് സുധീർ പൊലിസിനു നൽകിയ മൊഴിയിൽ പറഞ്ഞു. ബഹളം കേട്ട് പരിസരവാസികൾ വന്നപ്പോഴാണ് അക്രമികൾ പിന്തിരിഞ്ഞത്. അംഗൻവാടിയിലെ ഹെൽപർ നിയമനം, താമല്ലാക്കൽ 2147 സർവിസ് സഹകരണ ബാങ്കിൽ കോൺഗ്രസ് പ്രവർത്തകർ രണ്ടു ചേരിയായി മത്സരിച്ചതടക്കം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ കുമാരപുരത്ത് തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. സംഭവത്തിൽ ശ്രീക്കുട്ടൻ, രഞ്ജിത്ത്, സജിത്ത് എന്നിവർക്കെതിരെ ഹരിപ്പാട് പൊലീസ് ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.