കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് യൂത്ത് കോൺഗ്രസ്; യുവജനങ്ങളെ സ്വാധീനിക്കുന്ന നേതാക്കൾക്ക് ഭ്രഷ്ട് കൽപിക്കുന്നത് താൻപോരിമയാണ്
text_fieldsസംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് പ്രമേയം. കണ്ണൂർ മാടായിപ്പാറയിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് ചിന്തൻ ശിവറിൽ അവതരിപ്പിച്ച സംഘടനാ പ്രമേയത്തിലാണ് കെ.സി വേണുഗോപാലിനെതിരെയും വി.ഡി സതീശനെതിരെയും പരോക്ഷ വിമർശനമുള്ളത്.
യുവജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന നേതാക്കൾ സംസ്ഥാനത്തുണ്ട്. അത്തരത്തിലുള്ള നേതാക്കൾക്ക് ചില നേതാക്കൾ ഭ്രഷ്ട് കൽപിക്കുന്നത് താൻപോരിമയാണ്. അത്തരം ഭ്രഷ്ട് കൊണ്ട് ഇല്ലാതാകുന്നതല്ല ആ നേതാക്കളുടെ ജനപിന്തുണയെന്ന് മനസിലാക്കണം.
സ്വന്തം ബൂത്തിൽ പോലും ഇടപെടൽ നടത്താത്ത അഖിലേന്ത്യ തലത്തിൽ പൂമ്പാറ്റയാകുന്ന ചില നേതാക്കളുണ്ട്. അത്തരം നേതാക്കളെ കൊണ്ട് ഈ പാർട്ടിക്ക് എന്ത് ഗുണമാണുള്ളതെന്ന് ദേശീയ നേതൃത്വം ചിന്തിക്കണം. അക്കാര്യത്തിൽ പുനർവിചിന്തനം നടത്താൻ നേതാക്കൾ തയാറാകണം.
വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളെ രാഷ്ട്രീയ വന്ധ്യംകരണത്തിന് വിധേയമാക്കുന്ന നടപടിയാണ് നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. പുനഃസംഘടന അടക്കമുള്ളവ ഏറെ കാലമായി ഇല്ലാത്തത് രാഷ്ട്രീയ വന്ധ്യംകരണത്തിന്‍റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് പാഠം പഠിക്കാൻ നേതാക്കൾ തയാറാകുന്നില്ല.
സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ചില കാരണവന്മാർ കുടിയിരിക്കുകയാണ്. കോൺഗ്രസ് ഭരിക്കുന്ന സഹകരണ സ്ഥാപനത്തിന്‍റെ തലപ്പത്ത് ഒരു നേതാവ് വന്നാൽ അദ്ദേഹം മരിക്കുന്നത് വരെ ആ പദവിയിൽ തുടരുന്ന പ്രവണതയുണ്ട്. ഇത് അംഗീകരിക്കാനാവില്ല.
കോൺഗ്രസിന്‍റെ കീഴിലുള്ള സഹകരണ സ്ഥാപനങ്ങളിൽ പണം വാങ്ങി മറ്റ് പാർട്ടിക്കാരെ നിയമിക്കുന്നു. അത്തരം നേതാക്കൾക്ക് കരണക്കുറ്റിക്ക് അടിയാണ് യൂത്ത് കോൺഗ്രസ് നൽകേണ്ടതെന്നും സംഘടനാ പ്രമേയത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.