Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയൂത്ത് കോൺഗ്രസ്...

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്: മത്സരിക്കുന്നത് തെരുവിലും ജയിലിലും ഒന്നിച്ച് നിന്നവർ -രാഹുൽ മാങ്കൂട്ടത്തിൽ; സമര സംഘടനയായി മാറ്റും -അബിൻ വർക്കി

text_fields
bookmark_border
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്: മത്സരിക്കുന്നത് തെരുവിലും ജയിലിലും ഒന്നിച്ച് നിന്നവർ -രാഹുൽ മാങ്കൂട്ടത്തിൽ; സമര സംഘടനയായി മാറ്റും -അബിൻ വർക്കി
cancel

തിരുവനന്തപുരം: ഒരു മാസം നീളുന്ന യൂത്ത് കോൺഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പു നടപടികൾക്ക് ഇന്ന് തുടക്കം കുറിക്കുന്നു. ആരെയും തോൽപിച്ച് ഒന്നാമൻ ആകാനല്ല നമ്മൾ ഒന്നിച്ച് ഒന്നാമതാകാനാണ് മത്സരമെന്ന് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ‘എ’ ഗ്രൂപ്പിന്‍റെ സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അനീതികളോട് സമരസപ്പെടാത്ത, ആലംബഹീനരുടെ ആശ്രയമായി മാറുന്ന സമര സംഘടനയായി ഇന്ത്യൻ യൂത്ത് കോൺഗ്രസിനെ മാറ്റിയെടുക്കാൻ മുന്നിൽ ഉണ്ടാകുമെന്ന് ‘ഐ’ ഗ്രൂപ്പ് സ്ഥാനാർഥി അബിൻ വർക്കി കോടിയാട്ടും വ്യക്തമാക്കി.

‘ഈ ജനാധിപത്യ മഹോത്സവത്തിൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഞാനും മത്സരിക്കുകയാണ്. അത് പക്ഷേ കൂടെയുള്ള ആരെയും തോല്പ്പിച്ച് ഒന്നാമൻ ആകാനല്ല , നമ്മൾ ഒന്നിച്ച് ഒന്നാമതാകാനാണ്. നമ്മുടെ രാഷ്ട്രീയം ശക്തമായി ഉയർത്തിപ്പിടിക്കാനാണ്. സമരത്തിലും സേവനത്തിലും, തെരുവിലും ജയിലറയിലും ഒന്നിച്ച് നിന്ന പ്രിയപ്പെട്ടവരാണ് മത്സരിക്കുന്നത്. എല്ലാവർക്കും വിജയാശംസകൾ’ -രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.

സംസ്ഥാന കോൺഗ്രസ് നേതാക്കളുടെ എതിർപ്പ് തള്ളിയാണ് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് നടപടികളിലേക്ക് നീങ്ങുന്നത്. തെരഞ്ഞെടുപ്പു നടത്തുന്നത് ഗ്രൂപ്പുപോരിന് ആക്കം കൂട്ടുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.പിമാരായ കെ. മുരളീധരൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയവർ നേതൃത്വത്തെ കണ്ട് അറിയിച്ചിരുന്നു. രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ അന്തിമ നിലപാട് എടുക്കട്ടെയെന്ന ധാരണയാണ് ഉണ്ടായത്. എന്നാൽ, അദ്ദേഹം ഇക്കാര്യത്തിൽ ഒന്നും പറഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ഒരു മാസം നീളുന്ന തെരഞ്ഞെടുപ്പു നടപടികൾക്ക് ഇന്ന് സ്വാഭാവിക തുടക്കം കുറിക്കുന്നത്. ‘എ’ ഗ്രൂപ്പിന്‍റെ രാഹുൽ മാങ്കൂട്ടത്തിൽ, ‘ഐ’യുടെ അബിൻ വർക്കി കോടിയാട്ട് എന്നിവർ തമ്മിലാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പ്രധാന മത്സരം.

രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ് വായിക്കാം:

യൂത്ത് കോൺഗ്രസ്സിന്റെ മണ്ഡലം പ്രസിഡന്റിനെ മുതൽ സംസ്ഥാന പ്രസിഡന്റിനെ വരെ കൊടി പിടിക്കുന്ന സാധാരണ പ്രവർത്തകർ തിരഞ്ഞെടുക്കുന്ന ജനാധിപത്യ ഉത്സവത്തിന് നാളെ കൊടിയേറുകയാണ്.

കൊടിയിൽ 'ജനാധിപത്യം’ എന്ന് എഴുതി വെച്ച് അതിനെ കൊല്ലാക്കൊല ചെയ്യുന്ന സംഘടനകൾക്ക് മുന്നിൽ യൂത്ത് കോൺഗ്രസ്സ് ഒരിക്കൽ കൂടി വ്യത്യസ്തമാവുകയാണ്.

ഈ ജനാധിപത്യ മഹോത്സവത്തിൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഞാനും മത്സരിക്കുകയാണ്.

അത് പക്ഷേ കൂടെയുള്ള ആരെയും തോല്പ്പിച്ച് ഒന്നാമൻ ആകാനല്ല , നമ്മൾ ഒന്നിച്ച് ഒന്നാമതാകാനാണ്. നമ്മുടെ രാഷ്ട്രീയം ശക്തമായി ഉയർത്തിപ്പിടിക്കാനാണ്.

സമരത്തിലും സേവനത്തിലും, തെരുവിലും ജയിലറയിലും ഒന്നിച്ച് നിന്ന പ്രിയപ്പെട്ടവരാണ് മത്സരിക്കുന്നത്. എല്ലാവർക്കും വിജയാശംസകൾ.

മോദി - പിണറായി ഭരണകൂട ഭീകരതയിൽ നമ്മുടെ നേതാക്കളും നമ്മുടെ പ്രസ്ഥാനവും നിരന്തരമായി വേട്ടയാടപ്പെടുമ്പോൾ നാം ഒന്നിച്ച് പ്രതിരോധത്തിന്റെ നെഞ്ചുറപ്പാകും. അതിനായി അതിശക്തമായി യൂത്ത് കോൺഗ്രസ്സിൽ അണിചേരാം.

ഈ പ്രക്രിയ അവസാനിക്കുമ്പോൾ പരാജിതരുണ്ടാകില്ല , പ്രസ്ഥാനം വിജയത്തിന്റെ കൊടി പാറിക്കും.

പരസ്പര പിന്തുണയോടെ നമ്മുക്ക് മുന്നേറാം. എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.


അബിൻ വർക്കിയുടെ കുറിപ്പ്:

പ്രിയപ്പെട്ടവരേ,

കുട്ടിക്കാലം മുതൽ ഹൃദയത്തിൽ കുടിയേറിയ വികാരമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും അതിൻറെ മൂവർണ്ണക്കൊടിയും. എറണാകുളം ജില്ലയിലെ കാർഷിക ഗ്രാമങ്ങളിൽ ഒന്നായ രാമമംഗലത്ത് ,ഒരു സാധാരണ പ്രവർത്തകനായി രാഷ്ട്രീയ ജീവിതം തുടങ്ങിയ എനിക്ക് വിവിധ കാലങ്ങളിൽ വിവിധ സംഘടനാ ചുമതലകൾ നിർവ്വഹിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. പാർട്ടി ഏൽപ്പിച്ച ദൗത്യങ്ങളൊക്കെയും ഭംഗിയായി നിർവ്വഹിക്കാൻ കഴിഞ്ഞ ആത്മവിശ്വാസത്തോട് കൂടിയാണ് ഞാൻ നിങ്ങളുടെ മുമ്പിൽ നിൽക്കുന്നത്.

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ്, കുന്നത്തുനാട് പിറവം കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡൻറ് തുടങ്ങി NSUI യുടെ ദേശീയ സെക്രട്ടറി വരെയുള്ള സ്ഥാനങ്ങൾ പാർട്ടി എന്നെ വിശ്വസിച്ചേൽപ്പിച്ചിട്ടുണ്ട്.

യൂത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡൻറ് പദവിയിൽ നിന്നും സംസ്ഥാന ജനറൽ സെക്രട്ടറി പദം വരെ എത്താൻ എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകരുടെ നിസ്സീമമായ പിന്തുണയും സ്നേഹവും എന്നോടൊപ്പം ഉണ്ടായിരുന്നു.

ഊരമന എന്ന കുഞ്ഞുഗ്രാമത്തിൽ നിന്നും സാധാരണ പ്രവർത്തകനായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ എനിക്ക് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷ പദവിയിലേക്ക് മത്സരിക്കാൻ ഭാഗ്യം ലഭിച്ചിരിക്കുകയാണ്.

വേട്ടയാടലുകളുടെ കെട്ട കാലത്തിൽ കൂടെയാണ് രാജ്യം കടന്നുപോകുന്നത്. സമരോജ്ജ്വല യൗവ്വനങ്ങൾ തെരുവിൽ, സിരകളിൽ തീജ്ജ്വാലകൾ ആകേണ്ട കാലം.

ഓരോ യൂത്ത് കോൺഗ്രസ് പ്രവർത്തകനും സംഘടന കൂടെയുണ്ട് എന്നുള്ള സുരക്ഷിതത്വബോധം കൊടുക്കുകയാണ് അദ്ധ്യക്ഷപദവിയിൽ എത്തിയാൽ എന്റെ ലക്ഷ്യം. അനീതികളോട് സമരസപ്പെടാത്ത, അന്യായങ്ങളിൽ നിശ്ശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായി മാറുന്ന, ആലംബഹീനരുടെ ആശ്രയമായി മാറുന്ന സമര സംഘടനയായി ഇന്ത്യൻ യൂത്ത് കോൺഗ്രസിനെ മാറ്റിയെടുക്കാൻ ഞാൻ മുന്നിൽ ഉണ്ടാകും. പുതിയ കാലത്തിനനുസരിച്ച് സംഘടനയെ മാറ്റുകയും ആത്മാഭിമാനത്തോടുകൂടിയും സുരക്ഷിതത്വത്തോടുകൂടിയും പ്രവർത്തിക്കുവാനുള്ള സാഹചര്യം സംജാതമാക്കുകയും ചെയ്യും.

11 ആണ് എന്റെ ബാലറ്റ് നമ്പർ. കോൺഗ്രസിനോട് ചേർന്ന് നിൽക്കുന്ന യുവതലമുറയുടെ വോട്ടുകൾ സംഘടനയിലേക്ക് ചേർക്കണമെന്നും തികച്ചും ജനാധിപത്യ രീതിയിൽ നടക്കുന്ന അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ടുകൾ രേഖപ്പെടുത്തി എന്നെ വിജയിപ്പിക്കണമെന്നും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

ഒന്നായ് മുന്നോട്ട് ....

നിങ്ങളുടെ സ്വന്തം ,

അഡ്വ അബിൻ വർക്കി കോടിയാട്ട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth Congress ElectionYouth CongressRahul MamkootathilAbin Varkey Kodiyattu
News Summary - Youth Congress Election
Next Story