യൂത്ത് കോൺഗ്രസ്: ഗ്രൂപ്പുകൾ നേർക്കുനേർ; എ പക്ഷത്ത് ഭിന്നത
text_fieldsതിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിന് നാമനിർദേശപത്രിക നൽകാനുള്ള അവസാനതീയതി ബുധനാഴ്ച അവസാനിക്കുന്നതോടെ മത്സരചിത്രം തെളിയുന്നു. സംസ്ഥാന കോൺഗ്രസിലെ മൂന്നു പ്രബലവിഭാഗങ്ങളും പ്രസിഡന്‍റ് സ്ഥാനം ഉന്നമിട്ട് സ്വന്തം സ്ഥാനാർഥികളെ രംഗത്തിറക്കാൻ തീരുമാനിച്ചതോടെ ഗ്രൂപ്പുകളുടെ പരസ്പര സഹകരണ സാധ്യത മങ്ങി. അതിനിടെ സ്വന്തം സ്ഥാനാർഥിയെ സംബന്ധിച്ച എ ഗ്രൂപ്പിന്‍റെ ഔദ്യോഗിക തീരുമാനത്തിനെതിരെ ഗ്രൂപ്പിലെ യുവനിര രംഗത്തെത്തി. പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാൻ അവർകൂടി തീരുമാനിച്ചാൽ തെരഞ്ഞെടുപ്പ് ഇത്തവണ പ്രവചനാതീതമാകും.
കുറച്ചുകാലമായി സംസ്ഥാന യൂത്ത്കോൺഗ്രസിന്‍റെ നേതൃത്വം എ പക്ഷത്തിനാണ്. സംഘടനയിലും അവർക്ക് ആധിപത്യമുണ്ട്. കഴിഞ്ഞതവണ കെ.എസ്. ശബരീനാഥനെ ഐ പക്ഷം രംഗത്തിറക്കിയിട്ടും ഷാഫി പറമ്പിലിലൂടെ നേതൃത്വം എ പക്ഷത്തിനാണ് ലഭിച്ചത്. കഴിഞ്ഞദിവസം ആലുവയിൽ ചേർന്ന എ വിഭാഗത്തിലെ മുതിർന്ന നേതാക്കളുടെ യോഗം രാഹുൽ മാങ്കൂട്ടത്തിലിനെ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ തീരുമാനിച്ചു.
കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്‍റ് കെ.എം. അഭിജിത്ത്, യൂത്ത് കോൺഗ്രസ് ദേശീയ കോഓഡിനേറ്റർ ജെ.എസ്. അഖിൽ എന്നിവരെയും പരിഗണിച്ചിരുന്നെങ്കിലും ഷാഫി പറമ്പിലിന്‍റെ ഉറച്ച പിന്തുണയാണ് രാഹുലിന് നേട്ടമായത്. രാഹുലിന് അനുകൂലമായ തീരുമാനത്തോട് ഗ്രൂപ്പിലെ യുവനിരയിൽ ഒരുവിഭാഗം കടുത്ത അമർഷത്തിലാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി രാഹുലിനുള്ള അടുത്തബന്ധമാണ് എതിർപ്പിന് കാരണം.
ഗ്രൂപ് നേതൃത്വത്തിന് തെറ്റുപറ്റുന്നെന്നും പ്രസിഡന്‍റ് സ്ഥാനത്തേക്ക് പ്രഖ്യാപിച്ച നേതാവിന് ഉമ്മൻ ചാണ്ടിയുടെ പിന്തുണ ഇല്ലെന്നും കുറ്റപ്പെടുത്തി നിലവിലെ വൈസ്പ്രസിഡന്‍റും എ ഗ്രൂപ്പിലെ യുവനേതാവുമായ എൻ.എസ്. നുസൂർ രംഗത്തെത്തി. യഥാർഥ ഉമ്മൻ ചാണ്ടി വിഭാഗം തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, ഐ വിഭാഗം അബിൻ വർക്കിയെയും കെ.സി. വേണുഗോപാൽ വിഭാഗം ബിനു ചുള്ളിയിലിനെയും പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കുമെന്ന് ഉറപ്പായി. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ അർഹരായ 23 പേരുടെ പട്ടികയാണ് ദേശീയനേതൃത്വം പുറത്തിറക്കിയത്. മത്സരിക്കുന്നവരിൽനിന്ന് ഒരാൾ പ്രസിഡൻറ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുകയും അവശേഷിക്കുന്നവരിൽനിന്ന് ഒമ്പതുപേർ വൈസ് പ്രസിഡൻറുമാരാകുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.