സി.പി.എം വനിതാ നേതാക്കൾക്കെതിരായ കെ. സുരേന്ദ്രെൻറ പ്രസ്താവന: കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പരാതി
text_fieldsതിരുവനന്തപുരം: സി.പി.എം വനിതാ നേതാക്കൾക്കെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നടത്തിയ വിവാദ പ്രസ്താവനക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ്. നായർ മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകി. സുരേന്ദ്രന്റെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും സ്ത്രീകളോടുള്ള നീച മനോഭാവത്തിന്റെ പ്രതിഫലനവുമാണെന്ന് വീണ പരാതിയിൽ പറഞ്ഞു. സുരേന്ദ്രനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് നിയമ നടപടി സ്വീകരിക്കണമെന്നും വീണ ആവശ്യപ്പെട്ടു.
വീണയുടെ പരാതിയിൽ അന്വേഷണം നടത്തി യുക്തമായ നടപടി സ്വീകരിക്കാനായി ഡി.ജി.പി ഹൈടെക് സെല്ലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഞായറാഴ്ച തൃശൂരില്‍ മഹിളമോര്‍ച്ച സംഘടിപ്പിച്ച സ്ത്രീശക്തി പരിപാടിയിലായിരുന്നു കെ.സുരേന്ദ്രന്റെ വിവാദ പ്രസ്താവന. സി.പി.എമ്മിലെ വനിതാ നേതാക്കള്‍ പണം അടിച്ചുമാറ്റി തടിച്ചുകൊഴുത്തെന്നും എന്നിട്ട് കേരളത്തിലെ സ്ത്രീകളെ കളിയാക്കുകയാണെന്നാണ് സുരേന്ദ്രന്‍ ആരോപണം. എന്നാൽ, സുരേന്ദ്രനെതിരെ സി.പി.എമ്മിന്റെ ഭാഗത്തുനിന്നും പരാതി വരാത്തത് എന്തുകൊണ്ടെന്ന ചോദ്യവുമായി കോൺഗ്രസ് നേതാക്കൾ സജീവമാണ്. ഇതിനിടെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ പരാതി.
പരാതിയിങ്ങനെ...
‘കേരളത്തിലെ മാർക്സിസ്റ്റ് വനിതാ നേതാക്കളെല്ലാം തടിച്ചു കൊഴുത്തു... കാശടിച്ചു മാറ്റി... തടിച്ചു കൊഴുത്തു പൂതനകളായി അവർ കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ്’ എന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും സ്ത്രീകളോടുള്ള നീച മനോഭാവത്തിന്റെ പ്രതിഫലനവുമാണ്.
വനിതാ നേതാക്കളെ പൂതനയോടു ഉപമിക്കുകയും, ബോഡി ഷെയ്മിങ്ങിനു വിധേയമാക്കുകയും ചെയ്ത പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്. സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രസ്തുത നടപടിയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് നിയമ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.