യൂത്ത് കോൺഗ്രസ് നേതാവിനെ ആക്രമിച്ച സംഭവം: ബി.ജെ.പി ജില്ല പ്രസിഡന്‍റിനെതിരെ കേസ്; യുവമോർച്ച നേതാവ് ഒന്നാം പ്രതി
text_fieldsതൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വേദിക്ക് സമീപം ചാണകവെള്ളം തളിക്കാനും പ്രതിഷേധിക്കാനും ശ്രമിച്ച കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ ബി.ജെ.പി തൃശൂർ ജില്ല പ്രസിഡന്‍റ് കെ.കെ. അനീഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തു.
യുവമോർച്ച നേതാവ് മനോജിനെ ഒന്നാം പ്രതിയും അനീഷ് കുമാറിനെ രണ്ടാം പ്രതിയുമാക്കിയാണ് ഈസ്റ്റ് പൊലീസ് കേസെടുത്തത്. ഇരുവർക്കുമെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പട്ടിക ഉപയോഗിച്ച് ബി.ജെ.പി പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സലിം കയ്പമംഗലത്തിന് തലക്ക് പരിക്കേറ്റിരുന്നു. സലിമിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
വ്യാഴാഴ്ച രാവിലെ തേക്കിൻകാട് മൈതാനിയിലെ നായ്ക്കനാലിൽ നിർമിച്ച വേദി അഴിച്ചുമാറ്റുമ്പോഴായിരുന്നു സംഘർഷം. പ്രതിഷേധവുമായെത്തിയ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരും തടയാനെത്തിയ ബി.ജെ.പി-യുവമോർച്ച നേതാക്കളും വെല്ലുവിളിച്ച് ഏറ്റുമുട്ടി. പൊലീസ് ഇവരെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.
പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷ ക്രമീകരണങ്ങളുടെ പേരിൽ നായ്ക്കനാലിലെ ആൽമരത്തിന്‍റെ കൊമ്പുകളും തേക്കിൻകാട് മൈതാനിയിലെ മരച്ചില്ലകളും മുറിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ‘മാ നിഷാദാ’ എന്ന പേരിൽ ഇരുപതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. ഇതോടൊപ്പം പ്രധാനമന്ത്രി പ്രസംഗിച്ച വേദിക്ക് സമീപം ചാണകവെള്ളം തളിക്കാൻ കെ.എസ്.യു പ്രവർത്തകരും എത്തി. തടയാൻ ആദ്യം കുറച്ച് ബി.ജെ.പി പ്രവർത്തകരാണ് ഉണ്ടായിരുന്നത്. പിന്നീടാണ് അനീഷ് കുമാറിന്‍റെ നേതൃത്വത്തിൽ കൂടുതൽ പേർ എത്തിയത്.
അതേസമയം, തൃശൂർ ഈസ്റ്റ് സി.ഐ അലവിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയതായി അനീഷ് കുമാർ പറഞ്ഞു. തേക്കിൻകാട് മൈതാനിയിൽ പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ ചാണകവെള്ളം തളിക്കാൻ യൂത്ത് കോൺഗ്രസിന് സൗകര്യമൊരുക്കാൻ സി.ഐ ശ്രമിച്ചെന്നാണ് സി.ഐക്കെതിരായ ആരോപണം. സമ്മേളന സ്ഥലത്തേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കാൻ സി.ഐ ശ്രമിച്ചതായും അനീഷ് കുമാർ നൽകിയ പരാതിയിൽ പറയുന്നു. നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി ജില്ല നേതൃത്വം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.