കാഫിർ സ്ക്രീൻഷോട്ട്: സി.പി.എം പയ്യോളി ഏരിയ സെക്രട്ടറിക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് പരാതി നൽകി
text_fieldsപയ്യോളി: വിവാദമായ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച സി.പി.എം പയ്യോളി ഏരിയ സെക്രട്ടറി എം.പി. ഷിബുവിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് പൊലീസിൽ പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ല പഞ്ചായത്ത് തുറയൂർ ഡിവിഷൻ മെംബറുമായ വി.പി. ദുൽഖിഫിലാണ് എം.പി. ഷിബുവിനെതിരെ പയ്യോളി സി.ഐക്ക് പരാതി നൽകിയത്.
കഴിഞ്ഞ ഏപ്രിൽ 25ന് എം.പി. ഷിബുവിന്റെ ഫേസ്ബുക്ക് പേജിലൂടെ യു.ഡി.എഫ് വടകര ലോക്സഭ മണ്ഡലം സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ ഫോട്ടോ സഹിതം വ്യാജമായി നിർമിച്ച സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചുവെന്നാണ് പരാതി. ജനമനസ്സിൽ മതസ്പർധയും സംഘർഷവും ഉണ്ടാവണമെന്ന ഉദ്ദേശ്യത്തോടെയാണ് പോസ്റ്റ് എന്നും മുൻ എം.എൽ.എ കെ.കെ. ലതികയുമായി ഗൂഢാലോചന നടത്തിയെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ ഹൈകോടതി മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കാത്തതിനാൽ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
അതേസമയം, എം.പി. ഷിബുവിനെതിരായ പരാതിയിൽ പൊലീസ് കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പയ്യോളി പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തി. തിങ്കളാഴ്ച രാത്രി പത്തോടെയാണ് കുത്തിയിരിപ്പ് നടത്തിയത്. സി.ഐ. കെ.പി. സജീവുമായി നടത്തിയ ചർച്ചയിൽ സംഭവം അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയതോടെയാണ് സമരത്തിൽ നിന്ന് പിൻമാറിയത്. സമരത്തിന് കോൺഗ്രസ് ജില്ല സെക്രട്ടറി സന്തോഷ് തിക്കോടി, പയ്യോളി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് കെ.ടി. വിനോദ്, മഠത്തിൽ അബ്ദുറഹ്മാൻ, തൻഹീർ കൊല്ലം, ഇ.കെ. ശീതൾരാജ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.