റിജിൽ മാക്കുറ്റിയടക്കമുള്ള യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം; ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്
text_fieldsകണ്ണൂർ: ദിനേശ് ഓഡിറ്റോറിയത്തിൽ 'ജനസമക്ഷം സിൽവർ ലൈൻ'പരിപാടിക്കിടെ പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചവർക്കെതിരെ കേസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി നൽകിയ പരാതിയിൽ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് നിർദേശം നൽകിയത്.
ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി എം. ഷാജിർ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ഷാജിർ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റോബർട്ട് ജോർജ്, സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി സന്തോഷ്, ഗോവിന്ദൻ മാസ്റ്ററുടെ സ്റ്റാഫ് അംഗം പ്രശോഭ് മൊറാഴ തുടങ്ങി കണ്ടാലറിയാവുന്നവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് വ്യാഴാഴ്ച കോടതി ജില്ല പൊലീസ് അധികാരികൾക്ക് നിർദേശം നൽകിയത്.
പ്രതിഷേധം നടത്തിയതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത് സബ് ജയിലിൽ റിമാൻഡിലായ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് കോടതി ജാമ്യം അനുവദിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി, ജില്ല പ്രസിഡന്‍റ് സുധീപ് ജെയിംസ്, സംസ്ഥാന സെക്രട്ടറി വിനീഷ് ചുള്ളയാൻ, പ്രനിൽ മതുക്കോത്ത്, യഹിയ എന്നിവർക്കാണ് ജാമ്യം കിട്ടിയത്. ഇവർ വെള്ളിയാഴ്ച വൈകീട്ട് ജയിൽ മോചിതരായി.
കൊടി സുനിയെ ആഭ്യന്തര വകുപ്പ് എൽപിക്കണമെന്ന് ഷാഫി പറമ്പിൽ
സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് കൊടി സുനിയെ ഏൽപിക്കുകയാണ് വേണ്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ. ജനസമക്ഷം സിൽവർ ലൈൻ പരിപാടിക്കിടെ പ്രതിഷേധിച്ചതിന് മർദനമേറ്റശേഷം പൊലീസ് അറസ്റ്റ് ചെയ്ത് സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി ഉൾപ്പെടെയുള്ള നേതാക്കളെ സന്ദർശിച്ചശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുപറ്റം ഗുണ്ട പ്രമുഖർ ചേർന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ചത്. ജനാധിപത്യ രീതിയിൽ സമരം നടത്തിയ ചെറുപ്പക്കാരെ ക്രൂരമായി മർദിച്ചവർ പുറത്തും മർദനമേറ്റവർ അകത്തുമാണ്. ഇതിലും നല്ലത് കൊടി സുനിയെ ആഭ്യന്തര വകുപ്പ് ഏൽപിക്കുകയായിരുന്നു. ജനകീയ പ്രശ്നങ്ങളിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകും.
രണ്ട് കൊലക്കേസിൽ പ്രതിയായ പി. ജയരാജനിൽ നിന്ന് സമരത്തിന്റെ രീതി പഠിക്കേണ്ടതില്ല. ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണ് ഇവിടെ നടക്കുന്നത്. ഗുണ്ടകളെ വെച്ച് എതിർത്താലും ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതിരിക്കാനാവില്ല.
ഡി.വൈ.എഫ്.ഐ നടത്തിയത് ആഭാസമാണ്. പിടിച്ചുമാറ്റേണ്ട പൊലീസ് അടിക്കാൻ പിടിച്ചുകൊടുക്കുന്നതാണ് കണ്ടത്. കെ-റെയിലിനെതിരായ സമരങ്ങളെ നേരിടാൻ പോകുന്ന രീതി ഇതാണെന്ന സന്ദേശമാണ് സി.പി.എം നൽകുന്നത്. സമരത്തെ കൈയ്യൂക്ക് കൊണ്ട് നേരിടുമെന്നാണ് സി.പി.എം പറയുന്നത്. കേരളത്തിൽ കോവിഡ് ബോംബായി സി.പി.എം മാറി. വൈറസിനെക്കാൾ ഇപ്പോൾ ഈ രോഗത്തെ പടർത്തുന്നത് സി.പി.എമ്മാണെന്നും അദ്ദേഹം ആരോപിച്ചു. ഡി.സി.സി പ്രസിഡന്‍റ് അഡ്വ. മാർട്ടിൻ ജോർജും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
മാന്യതയുണ്ടെങ്കിൽ ജയരാജൻ മോഷണമുതൽ തിരിച്ചുനൽകണം -ഡി.സി.സി പ്രസിഡന്‍റ്
അക്രമികളെയും പിടിച്ചുപറിക്കാരെയും ന്യായീകരിക്കുകയാണ് എം.വി. ജയരാജനെന്ന് ഡി.സി.സി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ്. ജനസമക്ഷം പരിപാടിയിലേക്ക് പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ദൃശ്യങ്ങൾ പകർത്തിയ ജയ്‌ഹിന്ദ് ജീവനക്കാരൻ മനേഷ് കൊറ്റാളിയുടെ മാല മോഷ്ടിച്ച സംഭവത്തിൽ എം.വി. ജയരാജൻ മോഷ്ടാക്കളുടെ വക്കാലത്ത് ഏറ്റെടുത്തത് അപഹാസ്യമാണ്. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി അടക്കമുള്ള സി.പി.എം നേതാക്കളുടെ നേതൃത്വത്തിലാണ് അക്രമത്തിനിടെ ജയ്ഹിന്ദ് ജീവനക്കാരന്‍റെ രണ്ടര പവൻ വരുന്ന മാല പിടിച്ചുപറിച്ചത്.
റിജിൽ മാക്കുറ്റിയും സുധീപ് ജെയിംസും അടക്കമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സി.പി.എം ക്രിമിനലുകൾ ക്രൂരമായി മർദിച്ചതിന്‍റെ ദൃശ്യങ്ങൾ പകർത്തിയത് മനേഷാണ്. ഈ ദൃശ്യങ്ങൾ പുറത്തുവരാതിരിക്കാനാണ് സി.പി.എം ഗുണ്ടകൾ മനേഷിനെ ആക്രമിച്ചത്. ഇതിനൊപ്പം മനേഷിന്‍റെ മാലയും ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയുടെ നേതൃത്വത്തിലള്ള സംഘം പിടിച്ചുപറിച്ചു.
പിടിച്ച് രണ്ട് കഷണമായി അടർന്നുമാറിയ മാലയുടെ ഒരുചെറിയ ഭാഗം മാത്രമാണ് മനേഷിന് കിട്ടിയത്. തങ്ങളുടെ കൈവശം കിട്ടിയ മാലയുടെ ഒരുഭാഗമാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഈ ദൃശ്യങ്ങൾ പകർത്തിയത് മനേഷ് തന്നെയാണ്. ഇത് ഉയർത്തിപ്പിടിച്ചാണ് മോഷ്ടാക്കളുടെ വക്കാലത്തുമായി എം.വി. ജയരാജൻ രംഗത്തെത്തിയത്. മാന്യത അൽപമെങ്കിലും ബാക്കിയുണ്ടെങ്കിൽ മോഷണ മുതൽ തിരിച്ചുകൊടുക്കാൻ ജയരാജൻ തയാറാവണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.