വാട്സ് ആപ് സന്ദേശം ചോർത്തിയ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സസ്‍പെൻഷൻ
text_fieldsതിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്തു കൊണ്ടുള്ള യൂത്ത് കോൺഗ്രസ് ഔദ്യോഗിക വാട്സ് ആപ് ഗ്രൂപ്പിലെ സന്ദേശങ്ങൾ പുറത്തായ സംഭവത്തിൽ രണ്ടു പേർക്ക് സസ്‍പെൻഷൻ. യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൻ.എസ് നുസൂർ, എസ്.എം ബാലു എന്നിവരെയാണ് സസ്‍പെൻഡ് ചെയ്തത്.
അച്ചടക്ക നടപടിയാണെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. അച്ചടക്ക നടപടിയെ സ്വാഗതം ചെയ്ത നുസൂർ മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നും പ്രതികരിച്ചു.
സന്ദേശം പുറത്തായ സംഭവത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷന് പരാതി നൽകിയവരിൽ നുസൂറും ബാലുവും ഒപ്പുവെച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി നൽകിയത്. കത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനെതിരെയും പരാമർശമുണ്ടായിരുന്നു.
മുഖ്യമന്ത്രി യാത്ര ചെയ്യുന്ന വിമാനത്തിൽ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്യുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥന്റെ വാട്സ് ആപ് ചാറ്റ് പുറത്തായിരുന്നു. തുടർന്ന് വധഗൂഢാലോചന കുറ്റം ചുമത്തി ശബരീനാഥനെ അറസ്റ്റ് ചെയ്തിരുന്നു.
യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക വാട്സ് ആപ് ഗ്രൂപ്പിൽ നിന്ന് സന്ദേശങ്ങൾ ചോർത്തിയത് ഗുരുതര സംഘടന പ്രശ്നമാണെന്നാണ് ശബരീനാഥൻ പ്രതികരിച്ചത്. യൂത്ത്കോൺഗ്രസ് ഔദ്യോഗിക വാട്സ് ആപ് ഗ്രൂപ്പിലെ സന്ദേശങ്ങൾ ചോർത്തിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന് കെ. മുരളീധരൻ എം.പിയും പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.