കണ്ണൂരിൽ പരസ്യകശാപ്പ് നടത്തിയ നേതാക്കളെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാരിെൻറ കശാപ്പ് നിരോധനത്തിൽ പ്രതിഷേധിച്ച് പരസ്യമായി കാളയെ അറുത്ത യൂത്ത് കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. കണ്ണൂർ പാർലമെന്‍റ് യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റിയടക്കം മൂന്ന് പേരെയാണ് സസ്പെൻഡ് ചെയ്തത്. ജോസി കണ്ടത്തിൽ, സറഫുദീൻ എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട മറ്റ് രണ്ട് പേർ. കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസ്സനാണ് ഇക്കാര്യം മാധ്യമപ്രവർത്തകരെ അറിയിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ കണ്ണൂർ സിറ്റി ജംഗ്ഷനിലാണ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാളക്കുട്ടിയെ കശാപ്പു ചെയ്ത് ഇറച്ചി സൗജന്യമായി നാട്ടുകാർക്കു നൽകിയത്. യൂത്ത് കോൺഗ്രസ് നടപടി ബി.ജെ.പി അനുകൂലികൾ സാമൂഹിക മാധ്യമങ്ങളിലൂടെ ദേശീയതലത്തിൽ തന്നെ പ്രചരിപ്പിക്കുകയും ഡൽഹി ബി.ജെ.പി വക്താവ് അടക്കമുള്ളവർ സംഭവത്തിൻറെ വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി. പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ മാടിനെ അറുത്തുവെന്ന യുവമോർച്ചയുടെ പരാതിയിൽ കണ്ണൂർ സിറ്റി പൊലീസ് ഇന്നലെ തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു.
നടപടിക്കെതിരെ എ.ഐ.സി.സി വൈസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി തന്നെ ട്വിറ്ററിലൂടെ പരസ്യമായി രംഗത്ത് വന്നിരുന്നു. സമരരീതിയില്‍ മാന്യത വേണമെന്ന് എം. ലിജുവും പ്രതികരിച്ചിരുന്നു. പരസ്യ കശാപ്പിനെ തള്ളിപ്പറഞ്ഞ എം.എം. ഹസൻ കേന്ദ്രസർക്കാരിന്‍റെ നയത്തിനെതിരായ വിമർശനങ്ങൾക്ക് ഈ നടപടി മങ്ങലേൽപ്പിച്ചു എന്നും വ്യക്തമാക്കി.
വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചിരുന്നുവെങ്കിലും നടപടിയിൽ തെല്ലും വിഷമമില്ലെന്നും ഇത് പ്രതിഷേധ സമരത്തിന്‍റെ ഭാഗം മാത്രമാണെന്നും ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ റിജിൽ മാക്കുറ്റി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.