100 കടന്ന പെട്രോൾ കൊള്ളക്കെതിരെ 100 സൈക്കിളിൽ 100 കി.മി പ്രതിഷേധയാത്ര നടത്തി യൂത്ത് കോൺഗ്രസ്
text_fieldsതിരുവനന്തപുരം: 100 കടന്ന പെട്രോൾ കൊള്ളക്കെതിരെ 100 സൈക്കിളിൽ 100 കി.മി പ്രതിഷേധയാത്ര നടത്തി യൂത്ത് കോൺഗ്രസ്. കായംകുളത്തുനിന്ന് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരയാത്ര നൂറുകിലോമീറ്റർ പിന്നിട്ട് രാജ്ഭവന് മുന്നിൽ സമാപിച്ചു. പ്രതിഷേധ റാലിയുടെ സമാപനം കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു.
ജനങ്ങളുടെ ദുരിതം മനസ്സിലാക്കാത്ത പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നതെന്ന് കെ. സുധാകരൻ കുറ്റപ്പെടുത്തി. കഴിഞ്ഞ യു.പി.എ ഭരണത്തിൽ ഇന്ധനവില 50 രൂപ ആയപ്പോൾ കാളവണ്ടിയിൽ യാത്രചെയ്ത് പ്രതിഷേധിച്ച ബി.ജെ.പി നേതാക്കാൾ വില 100 കടന്നിട്ടും മിണ്ടുന്നില്ല. കോവിഡിന് മുന്നിൽ പകച്ചുനിൽക്കുേമ്പാൾ തന്നെ രാജ്യത്തെ ജനങ്ങൾ ഇന്ധന വിലവർധനയെ തുടർന്നുള്ള നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തിൽ ദുരിതമനുഭവിക്കുകയാണ്. എന്നിട്ടും പ്രധാനമന്ത്രി ഒന്നുമറിഞ്ഞില്ല, ഒന്നും കേട്ടില്ല, ഒന്നും കണ്ടില്ല എന്ന ഭാവത്തിൽ മൗനത്തിലാണ്. ഈ ഫാഷിസ്റ്റ് ഭരണത്തെ തൂത്തെറിയണം -അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന് കൂടുതൽ കോവിഡ് വാക്സിൻ അനുവദിക്കണമെന്നോ ഇന്ധനവില കുറക്കണമെന്നോ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെടാൻ മുഖ്യമന്ത്രി തയാറായില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ധനവില കുതിച്ചുയർന്നിട്ടും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.
ഷാഫി പറമ്പിൽ അധ്യക്ഷത വഹിച്ചു. എം.എം. ഹസൻ, കെ.സി. ജോസഫ്, ടി. സിദ്ദിക്ക്, വി.ടി. ബൽറാം, മാത്യു കുഴൽനാടൻ എം.എൽ.എ, എൻ.എസ്. നുസൂർ, റിജിൽ മാങ്കുറ്റി എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.