മുഖ്യമന്ത്രിയുടെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
text_fieldsതലശ്ശേരി: സ്വർണ കള്ളക്കടത്ത് സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ പിണറായിയിലെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. വസതിയുടെ ഒരു കിലോമീറ്റർ ദൂരെ പൊലീസ് കെട്ടിയ ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ടുകടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ടിയർഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. ഇതിനിടെ, പൊലീസും പ്രവർത്തകരും തമ്മിൽ കൈയാങ്കളിയുമുണ്ടായി. സംഭവത്തിൽ ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും നാലു പൊലീസുകാർക്കും പരിക്കേറ്റു.
വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ മമ്പറം ടൗൺ കേന്ദ്രീകരിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിണറായി പാണ്ട്യാല മുക്കിലെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്. പ്രകടനം പടിഞ്ഞിറ്റാംമുറിക്കടുത്ത് ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകർ ഇവിടെ സംഘടിച്ചു. കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ എം.പി മാർച്ച് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫിസ് സ്വർണ കള്ളക്കടത്ത് സംഘത്തിെൻറ ആസ്ഥാനമായി മാറിയെന്നും ഇതിലെ നായികയെ അറിയില്ലെന്ന് നാട്ടുകാരോട് പച്ചക്കള്ളം പറയുന്ന മുഖ്യമന്ത്രിയുടെ തൊലിക്കട്ടി അപാരമാണെന്നും എം.പി കുറ്റപ്പെടുത്തി.
കെ. സുധാകരെൻറ ഉദ്ഘാടന പ്രസംഗം അവസാനിച്ചതോടെ ഒരുകൂട്ടം പ്രവർത്തകർ ബാരിക്കേഡ് വലിച്ചിടാൻ ബലം പ്രയോഗിച്ചു. ചിലർ ഇതിന് മുകളിലേക്ക് വലിഞ്ഞുകയറി കടന്നുചാടാൻ ശ്രമിച്ചത് പൊലീസുമായി ഉന്തും തള്ളിനുമിടയാക്കി. ഈ സമയം പൊലീസിനുനേരെ കല്ലേറും ചീമുട്ടയേറും വന്നു. ഇതോടെയാണ് പ്രകടനക്കാരെ തുരത്താൻ പൊലീസ് ടിയർഗ്യാസ് ഷെല്ലുകൾ പൊട്ടിച്ചത്.
അക്രമം കൊണ്ട് അഴിമതിക്കറ മായില്ല -കെ.പി.എ. മജീദ്
കോഴിക്കോട്: ജനാധിപത്യ സമരങ്ങളെ അക്രമംകൊണ്ട് അടിച്ചമർത്തിയാൽ അഴിമതിക്കറ മായുമെന്ന് സർക്കാർ കരുതേണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. പ്രകോപനമില്ലാതെയാണ് യൂത്ത് ലീഗ് കലക്ടറേറ്റ് മാർച്ചിനുനേരെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചത്. പൊതുപ്രവർത്തകരെ നിശ്ശബ്ദരാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.