യൂത്ത് കോൺഗ്രസ് മാർച്ച്: ഷാഫി പറമ്പിലിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലീസ്
text_fieldsതിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത് പൊലീസ്. ഷാഫി പറമ്പിൽ എം.എൽ.എയെ ഒന്നാംപ്രതിയാക്കിയാണ് തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തത്.
അഞ്ച് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് എതിരെയും കണ്ടാലറിയാവുന്ന 150 പേർക്കെതിരെയുമാണ് കേസ്. ഷാഫിയെ കൂടാതെ യൂത്ത് കോൺഗ്രസ് നേതാക്കളായ സുധീർ ഷാ, നേമം ഷജീർ, സാജു അമർദാസ്, മനോജ് മോഹൻ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റു പേരുകൾ. അന്യായമായി സംഘം ചേരൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ എന്നിവയാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയത്.
രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്നലെയാണ് യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയത്. സെക്രട്ടറിയേറ്റിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ച പ്രവർത്തകർ ബാരിക്കേഡുകൾ തള്ളിയിടാനും ശ്രമിച്ചു. പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
'നവഗുണ്ടാ സദസ്സി'നെതിരെ നടന്ന പ്രതിഷേധങ്ങളുടെ അസ്വസ്ഥത പിണറായി വിജയന് ഇനിയും മാറിയിട്ടില്ലെന്നും അതിന്റെ തെളിവാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് എന്നും ഷാഫി പറമ്പിൽ പറഞ്ഞു. വീടുവളഞ്ഞുള്ള അറസ്റ്റ് പൊലീസിന്‍റെ ബോധപൂർവമായ പ്രകോപനമാണ്. പിണറായി വിജയന്റെ നേരിട്ടുള്ള നിർദേശമാണ് ഇക്കാര്യത്തിലുണ്ടായത്. അറസ്റ്റ് ചെയ്യാൻ വീട്ടിൽ വന്ന പൊലീസ് രാഹുലിന്റെ അമ്മയോട് പറഞ്ഞത് മുകളിൽ നിന്നുള്ള സമ്മർദം കൊണ്ടാണ് അറസ്റ്റ് ചെയ്യേണ്ടിവന്നത് എന്നാണ്. ഇതിൽ നിന്ന് പിണറായി വിജയന്റെ അസ്വസ്ഥത വ്യക്തമാണെന്നും ഷാഫി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.