പി.എസ്.സി റാങ്ക് ലിസ്റ്റ് സമരം: യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനു നേരെ ജലപീരങ്കി
text_fieldsതിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് വിവിധ റാങ്ക് ഹോള്‍ഡേഴ്സ് നടത്തുന്ന സെക്രട്ടേറിയറ്റ് സമരങ്ങള്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുകള്‍ മറിച്ചിടാനുള്ള പ്രവര്‍ത്തകരുടെ ശ്രമങ്ങളെ തുടര്‍ന്നാണിത്. ഒരു പ്രവര്‍ത്തകന് പരിക്കേറ്റു. മാര്‍ച്ച് കെ. മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള ചെറുപ്പക്കാരെ വഴിയാധാരമാക്കാന്‍ സര്‍ക്കാറിനെ അനുവദിക്കില്ളെന്ന് അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുകയാണ്. ദിവസ വേതനാടിസ്ഥാനത്തില്‍ സി.പി.എം നേതാക്കളുടെ പാര്‍ശ്വവര്‍ത്തികളെയാണ് നിയമിക്കുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യാനത്തെിയവരോട് മോശമായാണ് മുഖ്യമന്ത്രി സംസാരിച്ചത്. പാലം കടക്കുവോളം നാരായണ, പാലം കടന്നപ്പോള്‍ കൂരായണ എന്ന നയമാണ് എല്‍.ഡി.എഫിന്. അഞ്ചുവര്‍ഷം മാന്യമായി ഭരിക്കാനാണ് ജനം അവരെ തെരഞ്ഞെടുത്തത്. അല്ലാതെ കേരളം തീറെഴുതി കൊടുത്തിട്ടില്ല. ആദര്‍ശ ധീരത പറയുന്നവര്‍ കൊലക്കേസില്‍ പ്രതിയായ മന്ത്രിയെ എന്തുകൊണ്ട് മാറ്റുന്നില്ല. എം.എം. മണിയെ വിസ്തരിക്കുന്നത് ലോകം അറിയാതിരിക്കാനാണ് കോടതിയില്‍ പത്രക്കാരെ തടയുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
ഉദ്ഘാടനം കഴിഞ്ഞ് മുരളീധരന്‍ പോയശേഷമാണ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചത്. തുടര്‍ന്ന് മൂന്നുതവണ നടന്ന ജലപീരങ്കി പ്രയോഗത്തില്‍ സംസ്ഥാന നേതാവായ ആര്‍.ഒ. അരുണിന് പരിക്കേറ്റു. ഇയാളുമായി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. തുടര്‍ന്ന് ഇയാളെ പൊലീസ് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതോടെ യൂത്ത് കോണ്‍ഗ്രസിന്‍െറ നിരാഹാരസമര പന്തലിലേക്ക് മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ പോയി. സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റിലെ ബാരിക്കേഡുകള്‍ മറിച്ചിട്ടു. ഇതോടെ പൊലീസ് അങ്ങോട്ട് നീങ്ങി.
എന്നാല്‍ സമരപന്തലിന് സമീപത്തുനിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പൊലീസിനെ തടഞ്ഞു. വീണ്ടും സംഘര്‍ഷസാധ്യത ഉടലെടുത്തെങ്കിലും നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി. നേതാക്കളായ എന്‍.എസ്. നുസൂര്‍, എസ്.എം. ബാലു, ജി. ലീന, സുധീര്‍ഷാ, എസ്.പി. അരുണ്‍ , ചിത്രാദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.