ഹലാൽ ഫുഡ് ഫെസ്റ്റുമായി യൂത്ത് കോൺഗ്രസ് -VIDEO
text_fieldsതൃശൂർ: ഭക്ഷണത്തിൽ പോലും വർഗീയ വിഷം കലർത്തുന്ന സംഘപരിവാർ അജണ്ടകൾക്കെതിരെ യൂത്ത് കോൺഗ്രസ് കൈപമംഗലം നിയോജക മണ്ഡലം കമ്മിറ്റി ഹലാൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. ''ഭക്ഷണത്തിൽ പോലും വർഗീയ വിഷം കലർത്തുന്ന സംഘപരിവാർ അജണ്ടകൾക്കെതിരെ... വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ...'' എന്ന മുദ്രാവാക്യവുമായാണ് ഹലാൽ ഫുഡ് ഫെസ്റ്റ് നടത്തിയത്.
കേരളത്തിലെ ഹോട്ടലുകളിലുള്ള ഹലാൽ ബോർഡുകൾക്കെതിരെയും ഹലാൽ ഭക്ഷണത്തിനെതിരെയും സംഘ്പരിവാർ രംഗത്തിറങ്ങിയ സാഹചര്യത്തിലാണ് സമരം. കൈപമംഗലം എറിയാട് നടന്ന പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു.
കേരളത്തിലേക്ക് കടന്നുവരാൻ കഴിയാത്ത സംഘ്പരിവാർ ഇപ്പോൾ ഹലാൽ വിവാദം പോലുള്ള വിവാദങ്ങൾ ഏറ്റുപിടിക്കുകയാണെന്ന് ശോഭ സുബിൻ പറഞ്ഞു. ഭക്ഷണത്തിലും വസ്ത്രത്തിലും നിറത്തിലും രാജ്യത്തെ എല്ലാ കാര്യങ്ങളിലും സംഘ്പരിവാർ വിവാദം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബീഫും പന്നിയറിച്ചിയും വിളമ്പി ഡി.വൈ.എഫ്.ഐ ഫുഡ് സ്ട്രീറ്റ്
ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ ഡി.വൈ.എഫ്.ഐ ഇന്ന് ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ചിരുന്നു. ബീഫും പന്നിയറിച്ചിയും ചിക്കനും ബിരിയാണിയും അടക്കമുള്ള വിഭവങ്ങൾ വിളമ്പിയായിരുന്നു ജില്ലാ കേന്ദ്രങ്ങളിലെ പ്രതിഷേധം. തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് എ.എ. റഹീം ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം ചെയ്തു. കൊടുക്കൽ വാങ്ങലുകളുടെ ചരിത്രമുള്ള, സാമുദായിക ഐക്യത്തിന്‍റെ നാടാണ് കേരളമെന്ന് എ.എ റഹീം പറഞ്ഞു. സമീപകാലത്ത് നമുക്ക് പരിചിതമല്ലാത്ത വിദ്വേഷ കാമ്പയിൻ സംഘപരിവാർ അഴിച്ചുവിടുകയാണ്. ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും ഹലാൽ വിവാദത്തിൽ എത്തിയിരിക്കുന്നു. മുസ്‌ലിം നാമധാരികൾ നടത്തുന്ന ഹോട്ടലുകൾക്കെതിരെ, ഹലാൽ ബോർഡുകളുള്ള ഹോട്ടലുകൾക്കെതിരെ ആസൂത്രിത വിദ്വേഷ പ്രചാരണം ആർഎസ്എസ് അഴിച്ചുവിടുകയാണ്. കേരളത്തിലെ ബി.ജെ.പി അധ്യക്ഷൻ തന്നെ പ്രചാരണത്തിന് നേതൃത്വം നൽകിയെന്നും എ.എ. റഹീം വിമർശിച്ചു. എറണാകുളത്ത് ഡോ. സബാസ്റ്റ്യൻ പോൾ ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം ചെയ്തു.
'ഫുഡ് സ്ട്രീറ്റ്' പൊള്ളേണ്ടവർക്ക് പൊള്ളുന്നുണ്ടെന്ന് ഡി.വൈ.എഫ്.ഐ നേതാവ് എസ്. സതീഷ് പറഞ്ഞു. 'ചിലർക്ക് സംശയം ഫുഡ് സ്ട്രീറ്റിൽ എന്തൊക്കെ ഭക്ഷണം ഉണ്ടാകുമെന്നാണ്. ഉത്തരം കേരളത്തിൽ മലയാളി കഴിക്കുന്ന എല്ലാ ഭക്ഷണവും ഉണ്ടാകും. ഭക്ഷണം മനുഷ്യന്‍റെ സ്വാതന്ത്ര്യമാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമില്ലാത്തത് കഴിക്കാതിരിക്കാനും ഏതു വ്യക്തിക്കും അവകാശമുണ്ട്. ഞങ്ങൾക്കിഷ്ടമില്ലാത്തത് നിങ്ങൾ കഴിക്കാൻ പാടില്ലെന്നും ഞങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം നിങ്ങൾ കഴിച്ചാൽ മതിയെന്നുമാണെങ്കിൽ അത് ഈ നാട് വകവെച്ചുതരില്ല. നിങ്ങളുടെ ചാണക ബിരിയാണി നിങ്ങൾ തിന്നോള്ളൂ. ഞങ്ങൾക്ക് ഒരു പരിഭവവും ഇല്ല. ഞങ്ങളോട് തിന്നാൻ പറയാതിരുന്നാൽ മതി. 'തുപ്പി' കൊടുക്കുന്ന ഭക്ഷണമാണ് ഹലാൽ ഭക്ഷണമെന്ന് പറഞ്ഞുനടക്കുന്ന സംഘിക്കൂട്ടങ്ങളെ നാട് തിരിച്ചറിയും. ഭക്ഷണത്തിൽ പോലും വർഗീയത പറയുന്നത് തലച്ചോറിന്‍റെ സ്ഥാനത്ത് വിസർജ്യം പേറുന്നതുകൊണ്ടാണ്'- സതീഷ് ഫേസ് ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.