കരിങ്കൊടി പ്രതിഷേധം ‘കരുതൽ തടങ്കലി’ൽ; മുഖ്യമന്ത്രിയും മന്ത്രിമാരും വിഴിഞ്ഞത്തെത്തി മടങ്ങി
text_fieldsവിഴിഞ്ഞം: കരിങ്കൊടി പ്രതിഷേധങ്ങൾ ഇല്ലാതെ മുഖ്യമന്ത്രിയും മന്ത്രിമാരും വിഴിഞ്ഞത്ത് എത്തി മടങ്ങി. കരിങ്കൊടി കാണിക്കാൻ സജ്ജമായി നിന്ന വനിതകൾ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രി എത്തുന്നതിന് ഒരു മണിക്കൂർ മുമ്പ് പൊലീസ് കരുതൽ തടങ്കലിലാക്കി.
ശനിയാഴ്ച രാവിലെ 11നാണ് വിഴിഞ്ഞത്ത് പരിപാടി സംഘടിപ്പിച്ചിരുന്നത്. വിഴിഞ്ഞം തിയേറ്റർ ജങ്ഷനും ആഴാകുളത്തിനും ഇടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കുമെന്ന് പൊലീസ് ഇന്റലിജൻസ് വിഭാഗത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നു. രാവിലെ മുതൽ പ്രദേശത്ത് മഫ്തിയിലും അല്ലാതെയുമായി ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. രാവിലെ പത്തരയോടെ കരിങ്കൊടി കാണിക്കാൻ എത്തിയ നാലംഗ യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് ആദ്യം പിടികൂടിയത്. പിന്നാലെ 11 ഓടെയാണ് ഇടുങ്ങിയ വഴിക്കുള്ളിൽ ഒളിച്ചുനിന്ന വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് പിടികൂടിയത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹിസാന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് കരിങ്കൊടി കാണിക്കാനായി കാത്തുനിന്നത്. ഇവരെ കോവളം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പ്രവർത്തകർ സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കൂടുതൽ പൊലീസെത്തി ഇവരെ സ്റ്റേഷനുള്ളിലേക്ക് മാറ്റുകയായിരുന്നു. പന്ത്രണ്ടരയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും വിഴിഞ്ഞെത്തി നവകേരള സദസ്സിൽ പങ്കെടുത്തു.
ഒന്നോടെ സംഘം അടുത്ത വേദിയിലേക്ക് മടങ്ങി. പോകുന്ന വഴിയിലും കരിങ്കൊടി കാണിക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് സംഘം കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.