ബിരിയാണിച്ചെമ്പുമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം; ലാത്തിച്ചാർജ്
text_fieldsതിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം ശക്തമാകുന്നു.യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. ബാരിക്കേഡ് തകർക്കാനും കൈയേറ്റം ചെയ്യാനും പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് ലാത്തി വീശി.
ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സുധീർഷാ പാലോടിന്‍റെ നേതൃത്വത്തിൽ പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് ബിരിയാണിച്ചെമ്പും മുഖ്യമന്ത്രിയുടെ കോലവുമായി എത്തിയത്. ബാരിക്കേഡിന് മുകളിലേക്ക് കയറാൻ ശ്രമിച്ചവർക്കുനേരെ പൊലീസ് രണ്ട് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. സംഘർഷം കനത്തതോടെ പൊലീസ് ലാത്തി വീശി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് വിൽസൺ റോബിൻസന് പരിക്കേറ്റു. തുടർന്ന് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
എസ്.ഡി.പി.ഐയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രകടനം സംസ്ഥാന സമിതിയംഗം അഷ്‌റഫ് പ്രാവച്ചമ്പലം ഉദ്ഘാടനം ചെയ്തു.പിണറായി വിജയന്‍റെ കുടുംബക്കാരെയും സഹയാത്രികരായ ഉദ്യോഗസ്ഥരെയും ഉടന്‍ ചോദ്യംചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. യൂത്ത് ലീഗ് ജില്ല കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനുനേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
രാത്രി എട്ടോടെ യുവമോർച്ച ജില്ല കമ്മിറ്റി അധ്യക്ഷൻ സജിത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് അക്രമാസക്തമായി. പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു.ഇതോടെ നഗരത്തിലെ ഗതാഗതസംവിധാനം താറുമാറായി. പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.സംസ്ഥാന വൈസ് പ്രസിഡൻറ് അജേഷ് അടക്കം എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയാണ് അരമണിക്കൂറിനുശേഷം ഗതാഗത സംവിധാനം സുഗമമാക്കിയത്. രാത്രി ഒമ്പതോടെ എ.ബി.വി.പിയും പ്രതിഷേധവുമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.