മുഖ്യമന്ത്രിയും സി.പി.എമ്മും ദലിത് ഗവേഷകയെ വേട്ടയാടുകയാണെന്ന് യൂത്ത് കോൺഗ്രസ്
text_fieldsകോട്ടയം: ദലിത് വിദ്യാർഥിയും എം.ജി. സർവകലാശാല ഗവേഷകയുമായ ദീപ പി. മോഹനനെ മുഖ്യമന്ത്രിയും സി.പി.എമ്മും എസ്.എഫ്.ഐയും ചേർന്ന് വേട്ടയാടുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ. ദീപയുടെ വിഷയം പ്രതിപക്ഷം നിയമസഭയുടെയും ഗവർണറുടെയും മുമ്പിൽ ഉന്നയിക്കും. ദീപക്ക് പഠനം പൂർത്തിയാക്കി ഫെലോഷിപ്പ് അടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടു പോകാൻ നടപടി സ്വീകരിക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. എം.ജി സർവകലാശാലക്ക് മുമ്പിലെ സമരപന്തലിൽ ദീപയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീപയുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണക്കാർ സി.പി.എം ആണ്. അതു കൊണ്ടാണ് സി.പി.എമ്മിനെതിരെ പ്രതികരിക്കുന്നത്. സംഘടനയുടെ പ്രാദേശിക ഘടകങ്ങളുടെ ഇടപെടൽ പര്യാപ്തമല്ലാത്തത് കൊണ്ടാണ് കാര്യക്ഷമമായി മുന്നോട്ടു പോകാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചത്. ദീപ നടത്തി വരുന്ന അവകാശ സമരത്തിന് എല്ലാ പിന്തുണയും നൽകുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
സമരം ചെയ്യുന്ന ഗവേഷകക്ക് നീതി നിഷേധിക്കപ്പെട്ടു. ദലിത് വിദ്യാർഥിയെ വേട്ടയാടുകയാണ്. എ.ഐ.എസ്.എഫ് പ്രവർത്തകയെ പരസ്യമായി ജാതി പറഞ്ഞ് ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത എസ്.എഫ്.ഐയുടെ നിലവാരത്തിലാണ് എം.ജി. വി.സിയും സംസ്ഥാന സർക്കാറും എത്തിയിരിക്കുന്നതെന്നും ഷാഫി കുറ്റപ്പെടുത്തി.
ആരോപണ വിധേയനായ ഡോ. നന്ദകുമാറിനെതിരെ നടപടി സ്വീകരിക്കാൻ കോടതി ഉത്തരവ് തടസമാണെന്ന് വി.സി പറയുന്നു. നന്ദകുമാർ കുറ്റക്കാരാനാണെന്ന റിപ്പോർട്ട് കൊടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ തയാറായിരുന്നു. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി കോടതിയിൽ റിപ്പോർട്ട് നൽകാനാണ് അധികൃതർ ശ്രമിക്കുന്നത്. സർവകലാശാല കൊടുത്ത കേസിൽ വിദ്യാർഥിയുടെ വാദം കേൾക്കാതെയാണ് കോടതിയുടെ താൽകാലിക ഉത്തരവ് നേടിയെടുക്കാൻ നന്ദകുമാർ ശ്രമിച്ചതെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.