കായംകുളത്ത് കോൺഗ്രസ് നിഷ്ക്രിയമെന്ന് യൂത്ത് കോൺഗ്രസ്
text_fieldsകായംകുളം: ഇടതുപക്ഷം ഭരിക്കുന്ന നഗരസഭ ഭരണത്തിലെ വീഴ്ചകൾക്കെതിരെ പ്രതികരിക്കാത്ത കോൺഗ്രസ് നേതൃത്വത്തിനെതിരെ പാർട്ടിയിൽ പ്രതിഷേധം. സൗത്ത്-നോർത്ത് ബ്ലോക്ക് കമ്മിറ്റികൾ പുലർത്തുന്ന മൗനത്തിനെതിരെ യൂത്ത് കോൺഗ്രസ് യോഗങ്ങളിൽ ശക്തമായ വിമർശനം ഉയരുകയാണ്.
നഗരസഭയിലെയും താലൂക്ക് ആശുപത്രിയിലെയും പിൻവാതിൽ നിയമനങ്ങൾ അറിഞ്ഞതായി പോലും നേതൃത്വം ഭാവിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. നഗരസഭ യു.ഡി.എഫ് പാർലമെൻററി പാർട്ടി നടത്തുന്ന സമരങ്ങളെ പിന്തുണക്കാനും നേതൃത്വത്തിന് കഴിയുന്നില്ല. കൗൺസിലർമാർ ഉയർത്തിക്കൊണ്ടുവരുന്ന വിഷയങ്ങളിൽ യൂത്ത് കോൺഗ്രസ് മാത്രമാണ് രംഗത്തുള്ളത്.
ഇടതുഭരണത്തിൽ നിരവധി വീഴ്ചകളാണ് സംഭവിക്കുന്നത്. സ്വകാര്യ ബസ് സ്റ്റാൻഡ്, െഎ.ടി.െഎ, സ്റ്റേഡിയം, തുടങ്ങിയവ ഇതുവരെ നടപ്പാക്കാനായില്ല. ഇതിനായി സ്ഥലം ഏറ്റെടുക്കുന്നതിന്‍റെ മറവിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. നഗരത്തിലും പരിസരത്തും അനധികൃത നിർമാണങ്ങൾ പെരുകുന്നതിന് പിന്നിലും അഴിമതിയാണ് ലക്ഷ്യം. കോടികൾ ചെലവഴിച്ച് നിർമിച്ച സസ്യമാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും വ്യാപാരികൾക്ക് കൈമാറാൻ കഴിഞ്ഞില്ല.
ഇതിലൂടെ കോടികളുടെ നഷ്ടമാണ് സംഭവിക്കുന്നത്. ഇൗ വിഷയങ്ങളിൽ നേതാക്കളും പാർട്ടിയും തുടരുന്ന മൗനം പാർട്ടിയുടെ അടിത്തറ തോണ്ടുമെന്നാണ് യൂത്ത് കോൺഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉയർന്ന ചർച്ച. ഉത്തരവാദിത്തപ്പെട്ട ഭാരവാഹി അക്കമിട്ട് നിരത്തിയാണ് നേതൃത്വത്തിന് എതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
നഗരസഭ എന്നും ഇടതുപക്ഷം ഭരിച്ചാൽ മതിയോയെന്നും ഇവർ ചോദിക്കുന്നു. സി.പി.എം ഏരിയ സെക്രട്ടറിയുടെ സർക്കുലർ അനുസരിച്ചാണോ കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.