ആരോഗ്യവകുപ്പിന്റെ പേരിൽ നിയമന തട്ടിപ്പ്: യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: കോട്ടയം ജനറൽ ആശുപത്രിയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. പത്തനംതിട്ട ജില്ല സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
റിസപ്‌ഷനിസ്റ്റ് തസ്തികയിൽ നിയമന ഉത്തരവ് കൈമാറി യുവതിയിൽനിന്ന് 50,000 രൂപ വാങ്ങിയ സംഭവത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടറർ നൽകിയ പരാതിയിലാണ് കന്റോൺമെന്റ് പൊലീസ് അരവിന്ദിനെ അറസ്റ്റ് ചെയ്‌തത്. എം.പി ക്വാട്ടയിൽ നിയമനം നൽകാമെന്നായിരുന്നു ഏറ്റുമാനൂർ സ്വദേശിയായ യുവതിക്ക് അരവിന്ദ് നൽകിയ വാഗ്‌ദാനം. ജനുവരി 17ന് ജോലിക്ക് ഹാജരാകണമെന്ന് കാണിച്ച് കത്തും കൈമാറി. അരവിന്ദ് പറഞ്ഞത് പ്രകാരം ജോലിക്കെത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം യുവതി അറിഞ്ഞത്.
സംഭവത്തിൽ യുവതി പരാതി നൽകിയിരുന്നില്ല. എന്നാൽ, യൂത്ത് കോൺഗ്രസ് നേതാവ് കൈമാറിയ കത്തിന്റെ പകർപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിഷയം ശ്രദ്ധയിൽപെട്ടതോടെ ആരോഗ്യവകുപ്പ് ഡയറക്ടർ പരാതി നൽകുകയായിരുന്നു. പത്തനംതിട്ടയിൽനിന്ന് അറസ്റ്റിലായ പ്രതിയെ തിരുവനന്തപുരത്ത് എത്തിക്കും. തട്ടിപ്പിനിരയായ യുവതിയെയും പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തിയശേഷം പൊലീസ് വിശദമായ അന്വേഷണത്തിലേക്ക് കടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.