കൊച്ചി കോർപറേഷൻ സെക്രട്ടറിയെ മർദിച്ച സംഭവം: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ
text_fieldsകൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാൻറ് തീപിടിത്തത്തിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ കൊച്ചി കോർപറേഷൻ ഓഫിസ് ഉപരോധത്തിനിടെയുണ്ടായ അക്രമത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. കോർപറേഷൻ സെക്രട്ടറി എം. ബാബു അബ്ദുൽഖാദറിനെ മർദിച്ച കേസിൽ പ്രതി ലാൽ വർഗീസാണ് അറസ്റ്റിലായത്.
ഗേറ്റിന് മുന്നിൽ തമ്പടിച്ച് കോർപറേഷൻ ഓഫിസിലേക്ക് ജീവനക്കാരെ കടത്തിവിടാതെയായിരുന്നു ഇന്നലെ കോൺഗ്രസ് ഉപരോധം. ഓഫിസിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ജീവനക്കാരെ കോൺഗ്രസ് പ്രവർത്തകർ തടയുകയായിരുന്നു. ഓഫിസിലേക്ക് കടത്തിവിടാതിരുന്നതിനെ തുടർന്ന് തൊട്ടടുത്ത് കോർപറേഷന്‍റെ അധീനതയിലുള്ള സുഭാഷ് പാർക്കിലിരുന്ന് ജോലി ചെയ്യാനെത്തിയപ്പോഴായിരുന്നു കോർപറേഷൻ സെക്രട്ടറി എം. ബാബു അബ്ദുൽഖാദറിന് നേരെ അക്രമമുണ്ടായത്.
അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജീവനക്കാരനായ വിജയകുമാറിനും മർദനമേറ്റു. ജീവനക്കാരെ കോൺഗ്രസുകാർ വളഞ്ഞിട്ട് ആക്രമിക്കുന്ന സ്ഥിതിയുമുണ്ടായി. പത്ത് മണിയോടെ ജോലിക്കെത്തിയ ജീവനക്കാരനെ പിന്നാലെയെത്തി മർദിച്ചശേഷം, രക്ഷപ്പെട്ട് ബസിൽ കയറിയ അദ്ദേഹത്തിന് നേരെ കുപ്പി വലിച്ചെറിയുകയും ചെയ്തു. ജോലിക്കെത്തിയ ഓവർസിയർ സുരേഷിനും മർദനമേറ്റു.
പ്രവര്‍ത്തകര്‍ പൊലീസിനെ അസഭ്യം പറഞ്ഞത് കാമറയിൽ പകർത്തുന്നതിനിടെ മീഡിയവണ്‍ കാമറമാനെയും കോണ്‍ഗ്രസ് പ്രവര്‍ത്തകൻ കൈയേറ്റം ചെയ്തിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ പിന്നില്‍നിന്ന് ഇടിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.