ടോൾ പ്ലാസയിൽ തിരക്ക്; വാഹനങ്ങൾ കടത്തിവിട്ട യൂത്ത് കോൺഗ്രസുകാർക്ക് മർദനം
text_fieldsആമ്പല്ലൂര്‍: ദേശീയപാതയിൽ പാലിയേക്കര ടോൾ പ്ലാസയില്‍ വാഹനത്തിരക്കിനെതുടര്‍ന്ന് ക്രോസ്ബാര്‍ നീക്കി വാഹനങ്ങള്‍ കടത്തിവിട്ട ആലുവ സ്വദേശികളായ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ടോള്‍പ്ലാസ ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി. ആലുവ സ്വദേശി റോബിന്‍ (24), കാലടി സ്വദേശി ജ്യോതിഷ്(23) എന്നിവര്‍ക്കാണ് മർദനമേറ്റത്. റോബിെൻറ തലക്ക് സാരമായ പരിക്കുണ്ട്. ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.
ഭക്ഷണ വിതരണം കഴിഞ്ഞ് ടെമ്പോ ട്രാവലറില്‍ തൃശൂര്‍ ഭാഗത്തുനിന്ന് വരികയായിരുന്നു യുവാക്കള്‍. ടോൾ പ്ലാസയില്‍ ടോള്‍ നല്‍കിയതിനുശേഷം വാഹനം റോഡരികില്‍ നിര്‍ത്തിയിട്ടു. തുടര്‍ന്ന് മൂന്ന് ബൂത്തുകളിലെ ക്രോസ് ബാര്‍ നീക്കി വരിയില്‍ കിടന്നിരുന്ന വാഹനങ്ങള്‍ വിട്ടു. നാലാമത്തെ ബൂത്തിലേക്ക് നീങ്ങുന്നതിനിടെ ടോള്‍പ്ലാസ ജീവനക്കാര്‍ തടയുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇതിനിടെ നാലുപേര്‍ ചേര്‍ന്ന് റോബിനെയും ജ്യോതിഷിനെയും വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമികളായ ജീവനക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ടോൾ പ്ലാസ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് പുതുക്കാട് പൊലീസ് രണ്ട് ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ഇരുവിഭാഗവും പരാതി നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.