വിമാനത്തിലെ പ്രതിഷേധം: വിമാനക്കമ്പനി അന്വേഷണ റിപ്പോർട്ട് കൈമാറി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ ഇൻഡിഗോ വിമാനക്കമ്പനി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) പ്രാഥമിക റിപ്പോർട്ട് നൽകി.
വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോൾ മൂന്നുപേര്‍ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്നും പ്രതിഷേധിച്ചവരെ ശാന്തരാക്കാൻ കാബിൻ ക്രൂ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ മുദ്രാവാക്യംവിളി തുടർെന്നന്നും റിപ്പോർട്ടിൽ പറയുന്നു. യാത്രക്കാരനായിരുന്ന ഇ.പി. ജയരാജൻ പ്രതിഷേധിച്ചവരെ പിടിച്ചുതള്ളിയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
സംഘർഷത്തിൽ ഉൾപ്പെട്ടവർക്ക് വിമാനയാത്രാവിലക്ക് ഏർപ്പെടുത്തണോയെന്ന കാര്യം മുൻ ജഡ്ജി ഉൾപ്പെടുന്ന ആഭ്യന്തരസമിതി അന്വേഷിക്കുകയാണെന്നും ഡി.ജി.സി.എയെ ഇൻഡിഗോ പ്രാഥമികമായി അറിയിച്ചിട്ടുണ്ട്. വിമാനജീവനക്കാരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക വിവരങ്ങൾ വിമാനക്കമ്പനി കൈമാറിയത്. വിമാനത്തിനുള്ളിലെ പ്രതിഷേധവും മർദനവുമെല്ലാം രാജ്യാന്തര വ്യോമയാന നിയമങ്ങൾ അനുസരിച്ച് യാത്രാവിലക്കും ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്.
വിമാനയാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് രാജ്യാന്തര സിവിൽ വ്യോമയാന സംഘടന (ഐ.സി.എ.ഒ) പുറത്തിറക്കിയ നിയമാവലിയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുമുണ്ട്. സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങളുള്ള റിപ്പോർട്ടാണ് ഡി.ജി.എ.സി.എക്ക് നൽകിയത്. സംഭവത്തിൽ തുടരന്വേഷണം ഉണ്ടാകുമെന്നാണ് വിവരം.
വിമാന യാത്രക്കാരുടെ മൊഴിയെടുത്തു
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ വധശ്രമക്കേസിൽ സഹയാത്രികരുടെ മൊഴിയെടുത്തു. കേസന്വേഷിക്കുന്ന പ്രത്യേക സംഘാംഗമായ ശംഖുംമുഖം അസി. കമീഷണർ ഡി.കെ. പൃഥ്വിരാജിന്‍റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്.
വിമാനത്തിൽ ചിലർ പ്രതിഷേധിച്ചതായും മുദ്രാവാക്യം വിളിച്ചതായും മറ്റ് ചിലർ അവരെ തടഞ്ഞതായും ചില യാത്രക്കാർ മൊഴി നൽകിയിട്ടുണ്ട്. അതിനിടെ വിമാനക്കമ്പനിക്ക് പുറമെ എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്ലിങ് മാനേജരും പൊലീസിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തപ്പോൾ മൂന്നുപേർ മുദ്രാവാക്യം വിളിയുമായി മുഖ്യമന്ത്രി ഇരുന്ന ഭാഗത്തേക്ക് നീങ്ങിയെന്നും അവർ നാടൻഭാഷയിൽ എന്തൊക്കെയോ വിളിച്ചുപറഞ്ഞെന്നും മാനേജരുടെ റിപ്പോർട്ടിലുണ്ട്. അവരെ യാത്രക്കാരിൽ ഒരാൾ തടഞ്ഞു. എന്നാൽ അത് ഇ.പി. ജയരാജൻ ആണെന്ന പരാമർശമില്ല. സമാന റിപ്പോർട്ടാണ് വിമാനക്കമ്പനിയായ ഇൻഡിഗോയും സമർപ്പിച്ചത്.
മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറിന്‍റെ പരാതിയിലാണ് പൊലീസ് വധശ്രമക്കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ വിമാനത്താവളത്തിൽ മർദനമേറ്റ യൂത്ത് കോൺഗ്രസുകാർ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പത്തിലധികം പരാതികൾ ഡി.ജി.പിക്ക് ലഭിച്ചിട്ടുണ്ട്. ഇവ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറേക്ക് കൈമാറിയെങ്കിലും കേസെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.