ഡിവൈ.എസ്.പി റോഡിലേക്ക് തള്ളിയിട്ട യുവാവ് വാഹനമിടിച്ച് മരിച്ചു; കൊലക്കുറ്റത്തിന് കേസ്
text_fieldsതിരുവനന്തപുരം: വാഹനം മാറ്റുന്നതുമായി ബന്ധപ്പെട്ട് ഡിവൈ.എസ്.പിയുമായുള്ള തർക്കത്തിനിടെ യുവാവ് മറ്റൊരു വാഹനമിടിച്ച് മരിച്ച സംഭവത്തിൽ ഡി.വൈ.എസ്.പി ബി. ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. നെയ്യാറ്റിൻകര കാവുവിളയിൽ തിങ്കളാഴ്ച രാത്രി 11ഒാടെയാണ് സംഭവം.
നെയ്യാറ്റിൻകര കാവുവിള കൊടങ്ങാവിള സ്വേദശി സനലാണ് (32) മരിച്ചത്. ഹരികുമാർ തള്ളിയതിനെതുടർന്ന് റോഡിൽ വീണ സനലിെൻറ ശരീരത്തിലേക്ക് അതിവേഗത്തിൽ വന്ന കാർ ഇടിക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
സംഭവത്തിന് ശേഷം ഹരികുമാര്‍ ഒളിവിലാണ്. ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ രാത്രി റോഡ് ഉപരോധിച്ചിരുന്നു. സമീപത്തെ കടയിലെ സി.സി.ടി.വിയിൽ നടന്നതെല്ലാം പതിഞ്ഞിട്ടുണ്ട്. ഇന്ന് പ്രദേശത്ത് ജനകീയ സമരസമിതി ഹർത്താലാണ്. ഇലക്ട്രീഷ്യനായിരുന്ന സനലിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.
യുവാവിന് ഗുരുതര പരിക്കേറ്റത് ശ്രദ്ധയിൽപെട്ടിട്ടും അയാളെ ആശുപത്രിയിലെത്തിക്കാൻ തയാറാകാതെ ഡിവൈ.എസ്.പി മുങ്ങിയതായും നാട്ടുകാർ കൂട്ടിച്ചേർത്തു. നെയ്യാറ്റിൻകര പൊലീസെത്തുേമ്പാൾ സനലിന് ജീവനുണ്ടായിരുന്നു. 11.30ഒാടെ സനലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.
കൊടങ്ങാവിള കമുകിന്‍കോടിലെ വീട്ടില്‍ എത്തിയതായിരുന്നു ഡിവൈ.എസ്.പി. ഇവിടെനിന്ന് ഇറങ്ങി കാര്‍ എടുക്കാനെത്തിയപ്പോള്‍ വാഹനം കടന്നുപോകാനാകാത്ത നിലയില്‍ മറ്റൊരു കാര്‍ പാര്‍ക്ക് ചെയ്തിരുന്നു. സ്വകാര്യ വാഹനത്തില്‍ യൂനിഫോമിലല്ലാതെ വന്ന ഡിവൈ.എസ്.പിയെ സനലിന് തിരിച്ചറിയാനായില്ല. വാക്കുതർക്കത്തിനിടെ ഡിവൈ.എസ്.പി സനലിനെ തള്ളിയിടുകയായിരുന്നത്രെ. മരിച്ച സനല്‍ ഇലക്ട്രീഷ്യനായിരുന്നു.
നാട്ടുകാര്‍ ഡിവൈ.എസ്.പിയെ കയ്യേറ്റം ചെയ്തതായാണ് വിവരം. അതിനിടെ ഡിവൈ.എസ്.പിയെ പരിസരവാസിയായ സുഹൃത്ത് ബിനു സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തി. അദ്ദേഹം വന്ന കാറും മാറ്റിയിട്ടുണ്ട്. നാട്ടുകാര്‍ രാത്രി വൈകി കൊടുങ്ങാവിള ജങ്ഷൻ ഉപരോധിച്ചു. സ്ഥലം എം.എൽ.എ കെ. ആൻസലനും റൂറൽ എസ്.പി അശോക് കുമാറും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
സംഭവത്തെകുറിച്ച് നെയ്യാറ്റിന്‍കര പൊലീസ് വിശദീകരിക്കാന്‍ തയാറായിട്ടില്ല. അപകടം പറ്റിയതാണെന്ന് മാത്രമാണ് പൊലീസ് അറിയിച്ചതെന്ന് മെഡിക്കൽ കോളജ് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.