716 രൂപ അടക്കാത്തതിന് മൈക്രോഫിനാൻസുകാരുടെ ഭീഷണി; യുവാവ് ജീവനൊടുക്കി
text_fieldsചിറ്റൂർ (പാലക്കാട്): മൈക്രോഫിനാൻസുകാരുടെ ഭീഷണിയെത്തുടർന്ന് യുവാവ് ജീവനൊടുക്കി. ചിറ്റൂർ വാൽമുട്ടി സ്വദേശി ശിവരാമന്റെ മകൻ ജയകൃഷ്ണനെയാണ് (29) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്നെടുത്ത വായ്പയുടെ ആഴ്ചയടവ് 716 രൂപ മുടങ്ങിയതിനെത്തുടർന്ന് സ്ഥാപനത്തിലെ മാനേജറും ജീവനക്കാരിയും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. ഇതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാർ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
ചിറ്റൂർ വെള്ളാന്തറ മംഗല്യ ഓഡിറ്റോറിയത്തിനു സമീപം പ്രവർത്തിക്കുന്ന ഗ്രാമീൺ കൂട്ട ഫിനാൻസ് എന്ന സ്ഥാപനത്തിൽനിന്നാണ് ജയകൃഷ്ണൻ വായ്പയെടുത്തത്. ആഴ്ച തിരിച്ചടവിലാണ് വായ്പ. കൂലിപ്പണിക്കാരനായ യുവാവിന് പനിമൂലം ഒരാഴ്ചയായി ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല. അതിനാൽ, ഈ ആഴ്ചയിലെ ഗഡു അടക്കാൻ സാധിച്ചില്ല. ഇതേതുടർന്ന് രാവിലെ 11 മണിയോടെ സ്ഥാപനത്തിലെ ജീവനക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു.
ഇതിനിടെ തുക നൽകുന്നതിനായി ജയകൃഷ്ണന്റെ ഭാര്യ തന്റെ സഹോദരന്മാരെ ബന്ധപ്പെട്ടിരുന്നു. തുടർന്ന് ഇവർ തുകയുമായി വാൽമുട്ടിയിലെ വീട്ടിലെത്തിയെങ്കിലും വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് ഓടിളക്കി പരിശോധിച്ചപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടെത്തിയത്. തുടർന്ന് ചിറ്റൂർ പൊലീസ് താലൂക്ക് ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.
തങ്ങളുടെ സ്ഥാപനത്തിൽനിന്ന് ജയകൃഷ്ണന് രണ്ട് വായ്പകൾ നൽകിയതായി ജീവനക്കാർ പൊലീസിനോട് പറഞ്ഞു. വീട്ടുകാരുടെ പരാതിയിൽ പൊലീസെത്തി സ്ഥാപനം അടപ്പിച്ചു. വിവരങ്ങൾ ശേഖരിക്കാൻ സ്ഥാപന മാനേജറെ കസ്റ്റഡിയിലെടുത്തശേഷം പിന്നീട് വിട്ടയച്ചു.
ജയകൃഷ്ണന്റെ ഭാര്യ: രജിത. മകൻ: ശ്രേഷ്ണവ്. മാതാവ്: ശാന്ത. സഹോദരൻ: ജയദേവൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.