വാഹനപരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച സംഭവം: അന്വേഷണമാരംഭിച്ചു
text_fieldsഅടൂർ: വാഹനപരിശോധനയ്ക്കിടെ മദ്യപിച്ചെന്ന് സംശയം തോന്നി അടൂർ പൊലീസ് കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അടൂർ കണ്ണംകോട് ചരിഞ്ഞവിളയിൽ ഷെരീഫ് (61) ന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പ്രാഥമിക നിഗമനത്തിൽ മരണകാരണം ഹൃദയാഘാതമാണെന്നും വിശദമായ പരിശോധനാ റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂവെന്നും അടൂർ ഡി.വൈ.എസ്.പി. ആർ. ജയരാജ് പറഞ്ഞു.
ഞായറാഴ്ച ഉച്ചയ്ക്ക് അടൂർ കെ.പി.റോഡിൽ മരിയ ആശുപത്രിക്കു സമീപത്ത് വെച്ച് സ്‌കൂട്ടറിൽ പോയ ഷെരീഫിനെ അടൂർ എസ്.ഐ.എം. മനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. അടൂർ സ്റ്റേഷനിലെത്തിച്ച് അകത്തേക്ക് പ്രവേശിക്കവെ ഷെരീഫ് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം അടൂർ കണ്ണംകോട് മുസ്ലീം ജമാഅത്തിൽ കബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.