യുവാവ് റെയിൽ പാളത്തിൽ കല്ലുവെച്ചത് കൗതുകത്തിനെന്ന് പൊലീസ്
text_fieldsകാസർകോട്: കളനാട് റെയില്‍വേ പാളത്തില്‍ ട്രെയിൻ പോകുന്നതിനിടെ യുവാവ് കല്ലുകള്‍ വച്ചത് കൗതുകത്തിനാണെന്ന് റെയിൽവെ പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് 21 വയസുകാരനായ പത്തനംതിട്ട വയല സ്വദേശി അഖില്‍ ജോണ്‍ മാത്യുവാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രിയായിരുന്നു അമൃത്സര്‍-കൊച്ചുവേളി എക്‌സ്‌പ്രസ് കടന്ന് പോകുന്നതിന് മുമ്പ് ഇയാളും സുഹൃത്തും പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത്. എന്നാൽ, അപകടമൊന്നും സംഭവിച്ചില്ല. ട്രെയിൻ പോയതോടെ കല്ലുകള്‍ പൊടിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇന്നലെ പുലര്‍ച്ചെ ആണ് പ്രതി പിടിയിലായതെന്ന് ആർ.പി.എഫ് ഇന്‍സ്‌പെക്‌ടര്‍ എം അക്ബര്‍ അലി മാധ്യമങ്ങളോട് പറഞ്ഞു. ഇവർ കൗതുകത്തിനാണ് ഇത് ചെയ്തതെന്നും അട്ടിമറി ശ്രമമോ അത്തരം ലക്ഷ്യങ്ങളോ ഇവർക്കുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരതിന് കല്ലെറിഞ്ഞ പതിനേഴുകാരനെയും പൊലീസ് പിടികൂടിയിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ ഇയാൾക്കെതിരെ ജുവനൈൽ നിയമപ്രകാരം നടപടി സ്വീകരിക്കും.
കാസർകോട് മേഖലയിൽ ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നതും പാളത്തിൽ കല്ലുവെക്കുന്നതും വർധിച്ചുവരുന്നതിനാൽ മേഖലയിൽ റെയിൽവെ പൊലീസും ആർ.പി.എഫും പരിശോധന കർശനമാക്കിയിട്ടുണ്ട്. മിക്ക കേസുകളിലും കുട്ടികളാണ് പ്രതികൾ. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കാതെ കൗതുകത്തിന്റെ പുറത്താണ് കുട്ടികൾ ഇത് ചെയ്യുന്നതെന്നും ഇത് രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും ആർ.പി.എഫ് ഇൻസ്പെക്ടർ പറഞ്ഞു. ബോധവത്‌കരണവും മറ്റു നടപടികളും സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ആര്‍പിഎഫും റെയില്‍വേ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് 17 വയസുകാരനടക്കം അറസ്റ്റിലായത്. ജോലി അന്വേഷിച്ചാണ് അഖില്‍ ജോണ്‍ മാത്യു കാസര്‍കോട് എത്തിയതത്രെ. മൂന്ന് ദിവസം മുമ്പാണ് ഇവർ വീട്ടിൽനിന്ന് ഇറങ്ങിയത്. ചോദ്യം ചെയ്യലിൽ കൗതുകത്തിനാണ് പാളത്തിൽ കല്ലുവെച്ചതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് ബേക്കല്‍ പൂച്ചക്കാട് വന്ദേഭാരതിനു കല്ലേറ് ഉണ്ടായത്. ഇതില്‍ ട്രെയിനിന്‍റെ ചില്ല് പൊട്ടിയിരുന്നു. ട്രെയിനില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. തുടരെയുള്ള ആക്രമണങ്ങളുടെ പ്രശ്ചാത്തലത്തിൽ ആര്‍പിഎഫും പൊലീസും റെയിൽവേ സ്റ്റേഷനുകളിൽ ട്രാക്ക് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.