കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവാക്കളുടെ മരണം: അന്വേഷിക്കാൻ പ്രത്യേക സംഘം
text_fieldsപാലക്കാട്: കുഴൽമന്ദത്ത് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ച സംഭവം പ്രത്യേകസംഘം അന്വേഷിക്കുമെന്ന് ജില്ല പൊലീസ് സൂപ്രണ്ട് ആർ. വിശ്വനാഥ് അറിയിച്ചു. അപകടത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്നാണിത്.
കെ.എസ്.ആർ.ടി.സി ഡ്രൈവർ ബോധപൂർവം ബൈക്കിൽ ഇടിച്ചതാണെന്നാണ് യുവാക്കളുടെ കുടുംബങ്ങൾ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുഴൽമന്ദം വെള്ളപ്പാറയിൽ പാലക്കാട്ടുനിന്നും വടക്കഞ്ചേരിക്ക് പോവുകയായിരുന്ന ബസ് അപകടം ഉണ്ടാക്കിയത്. വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവർ തൃശൂർ പട്ടിക്കാട് സ്വദേശി കെ.എൽ. ഔസേപ്പിനെ അറസ്റ്റ് ചെയ്തിരുന്നു. മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്.
അറസ്റ്റ് ചെയ്തശേഷം പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. ഇതോടെയാണ് ബന്ധുക്കൾ രംഗത്തുവന്നത്. കഴിഞ്ഞദിവസം പുറത്തുവന്ന ദൃശ്യങ്ങളിൽനിന്നാണ് ഡ്രൈവർ മനപൂർവം ബൈക്കിൽ ഇടിപ്പിക്കുകയായിരുന്നു എന്ന് വ്യക്തമായത്. ദൃശ്യങ്ങൾ കൂടുതൽ പരിശോധിച്ചശേഷം അന്വേഷണ സംഘം തുടർനടപടിയിലേക്ക് കടക്കും. ബസ് യാത്രക്കാർ, ദൃക്സാക്ഷികൾ എന്നിവരുടെ മൊഴി രേഖപ്പെടുത്തും. നീതി കിട്ടുമെന്ന് വിശ്വാസമുണ്ടെന്നും അതിനുവേണ്ടി ഏതറ്റംവരെയും പോകുമെന്നും ആദർശിന്‍റെ പിതാവ് മോഹനൻ പറഞ്ഞു.
യാത്രയ്ക്കിടെ വഴിയിൽവെച്ച് ബസ് ഡ്രൈവറും യുവാക്കളും തമ്മിൽ തർക്കം ഉണ്ടായെന്നും ഇതിലെ പകയാണ് കൊലയിലേക്ക് നയിച്ചതെന്നുമാണ് ആരോപണം. വഴിയിൽവെച്ച് തർക്കം ഉണ്ടായിരുന്നുവെന്ന് ബസ് യാത്രക്കാരും വഴിയിൽ ഉണ്ടായിരുന്നവരും പറയുന്നു. ആദ്യം കേസെടുത്തത് ലോറി ഡ്രൈവർക്ക് എതിരെയായിരുന്നു. എന്നാൽ, ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ബസിന് ഇടത്തേക്ക് ചേർന്ന് പോകാൻ സ്ഥലമുണ്ടായിട്ടും മനപൂർവം യുവാക്കളെ ലോറിക്കും ബസിനും ഇടയിൽ ഞെരിച്ച് അപകടമുണ്ടാക്കിയതാണെന്ന് വ്യക്തമായത്.
അപകടത്തിൽപെട്ട വാഹനങ്ങളുടെ പിന്നിൽ ഉണ്ടായിരുന്ന കാറിലെ ഡാഷ് കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. പാലക്കാട് കാവശ്ശേരി സ്വദേശി ആദർശ്മോഹൻ, കാസർക്കോട് സ്വദേശി സബിത്ത് എന്നിവരാണ് മരിച്ചത്. കെ.എസ്.ആർ.ടി.സിയും അന്വേഷണം നടത്തിയിരുന്നു. ഔസേപ്പ് വലത്തോട്ട് ബസ് വെട്ടിച്ചതിനാൽ മാത്രമാണ് അപകടം ഉണ്ടായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കെ.എസ്.ആർ.ടി.സി ഇയാളെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.