കാട്ടാന ആക്രമണത്തിൽ യുവാവിന്റെ മരണം: ഇന്ന് ഹർത്താൽ; അർധരാത്രിയും തുടർന്ന് പ്രതിഷേധം, ഒടുവിൽ കലക്ടറെത്തി
text_fieldsകോതമംഗലം: കുട്ടമ്പുഴ ഉരുളൻതണ്ണി വലിയ ക്ണാച്ചേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കുട്ടമ്പുഴയിലും കോതമംഗലത്തും ചൊവ്വാഴ്‌ച ഹർത്താൽ നടത്തുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു. രാവിലെ 10ന് ഡി.എഫ്.ഒ ഓഫിസിലേക്ക് ജനകീയ മാർച്ചും നടത്തും. കോടിയാട്ട് വർഗീസിന്‍റെ മകൻ എൽദോസാണ് (45) കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ഉരുളൻതണ്ണി ഫോറസ്റ്റ് സ്റ്റേഷൻ കഴിഞ്ഞ് ക്ണാച്ചേരിക്ക് പോകുന്ന വഴിയിലാണ് സംഭവം.
വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്ത് എത്തി മൃതദേഹം റോഡിൽനിന്ന് നീക്കാൻ ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് രാത്രി വൈകിയും കഴിഞ്ഞിട്ടില്ല. സ്ഥലത്ത് സംഘർഷാവസ്ഥ തുടർന്നതോടെ നാലുമണിക്കൂറിന് ശേഷം എറണാകുളം ജില്ലാ കലക്ടർ സംഭവസ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. കലക്ടർക്കുനേരെയും നാട്ടുകാരുടെ രോഷപ്രകടനം ഉണ്ടായി.
സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് തിങ്കളാഴ്ച രാത്രി 8.30ഓടെ കെ.എസ്.ആർ.ടി.സി ബസിൽ ഉരുളൻതണ്ണി ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ ഇറങ്ങി വീട്ടിലേക്ക് പോകും വഴിയാണ് കാട്ടാന
എൽദോസിനെ ആക്രമിച്ചത്. ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് 250 മീറ്റർ മാറി ക്ണാച്ചേരി അമ്പലത്തിന് സമീപത്തുവെച്ചാണ് എൽദോസിനെ ആന ആക്രമിച്ചത്. ഇരുവശവും കാടായ ഇവിടം പിന്നിട്ടാണ് ജനവാസമേഖല. ഇതുവഴി കടന്നുപോയ ഓട്ടോ ഡ്രൈവറാണ് റോഡിൽ എൽദോസിന്‍റെ മൃതദേഹം കണ്ടത്. ആനയുടെ ചവിട്ടേറ്റാണ് മരണം എന്ന് കരുതുന്നു. എൽദോസിന്‍റെ ശരീരം ഛിന്നഭിന്നമായ നിലയിലായിരുന്നു.
എൽദോസിന്‍റെ മാതാവ്: റീത്ത. സഹോദരി: ലീലാമ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.