മുഈനലി തങ്ങളെ പുറത്താക്കണമെന്ന് യൂത്ത് ലീഗ്; ലീഗ് നേതൃയോഗം ഇന്ന്
text_fieldsന്യൂഡൽഹി: മുസ്‍ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണമുന്നയിച്ച പാണക്കാട് മുഈനലി തങ്ങളെ പുറത്താക്കണമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഇ.ടി മുഹമ്മദ് ബഷീറിന് ഈ ആവശ്യമുന്നയിച്ച് യൂത്ത് ലീഗ് കത്ത് നൽകി. മുസ്‍ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് കത്ത് നൽകിയതെന്നാണ് സൂചന.
അതേസമയം, പാണക്കാട് കുടുംബാംഗത്തിനെതിരെ നടപടിയെടുക്കുന്നത് ലീഗ് നേതൃത്വത്തിന് അത്ര എളുപ്പമാവില്ല. ഇതുവരെ അങ്ങനെ ഒരു നീക്കം ഉണ്ടാകാത്തതിനാൽ നടപടി എടുക്കുന്നത് ചിലപ്പോൾ വൻ പൊട്ടിത്തെറിക്ക് കാരണമാകും. പുതിയ സംഭവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് ലീഗ് നേതൃയോഗം ചേരുന്നുണ്ട്.
നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും മുഈനലിയെ അനുകൂലിച്ചും പ്രവർത്തകർ രംഗത്ത് എത്തുന്നുണ്ട്. ചോറ്റുപട്ടാളത്തെ ഉപയോഗിച്ച് മുഈനലി തങ്ങൾക്കെതിരെ നടപടി എടുക്കാനാണ് ഭാവമെങ്കിൽ കുഞ്ഞാലിക്കുട്ടി വലിയ വില കൊടുക്കേണ്ടിവരുമെന്ന് മുൻ മന്ത്രി കെ.ടി. ജലീൽ ഇന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇ.ഡി വിഷയത്തിൽ പാണക്കാട് കുടുംബത്തിലെ ചിലരുമായി കുഞ്ഞാലിക്കുട്ടി സംസാരിച്ചതിന്‍റെ ശബ്ദരേഖകളുണ്ടെന്നും അറ്റകൈക്ക് അത് പുറത്ത് വിട്ടാൽ കുഞ്ഞാലിക്കുട്ടി രാഷ്ട്രീയം അവസാനിപ്പിക്കേണ്ടി വരുമെന്നും ജലീൽ പറഞ്ഞിരുന്നു. വാർത്താസമ്മേളനത്തിനും ആരോപണങ്ങൾക്കും പിന്നിൽ മുഈനലി തനിച്ചല്ലെന്നതിന്‍റെ സൂചന കൂടിയാണ് ജലീലിന്‍റെ ഇടപെടലിലൂടെ വ്യക്തമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.