യൂത്ത് ലീഗ് മുൻ ദേശീയ അധ്യക്ഷന്‍ ബംഗാളിലെ അബ്ബാസ് സിദ്ദീഖിയുടെ പാർട്ടിയിലേക്ക്
text_fieldsഡല്‍ഹി: മുസ്‌ലിം യൂത്ത് ലീഗ് ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച സാബിർ ഗഫാര്‍ പശ്ചിമ ബംഗാളിലെ ഫുർഫുറ ശരീഫ് ദർഗ തലവനും മതനേതാവുമായ അബ്ബാസ് സിദ്ദീഖിയുടെ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടിൽ (ഐ.എസ്.എഫ്) ചേരുമെന്ന് റിപ്പോർട്ട്. പുതിയ പാർട്ടിയിൽ ചേരുന്നതിന് മുന്നോടിയായാണ് സാബിർ ഗഫാര്‍ യൂത്ത് ലീഗ് ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് ജനുവരി 23ന് രാജി പ്രഖ്യാപിച്ചതെന്നാണ് വിവരം.
പശ്ചിമ ബംഗാൾ ഹുഗ്ലിയിലെ ഫുർഫുറ ശരീഫ് ദർഗ തലവനും സംസ്ഥാനത്ത് സ്വാധീനമുള്ള മതനേതാവുമാണ് അബ്ബാസ് സിദ്ദീഖി. സംസ്ഥാനത്തെ നൂറിലേറെ മണ്ഡലങ്ങളിൽ നിർണായക ശക്തിയായ മുസ്‌ലിം ന്യൂനപക്ഷത്തിനിടയിൽ ഫുർഫുറ പ്രസ്ഥാനത്തിന് വൻ സ്വാധീനമാണുള്ളത്.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അബ്ബാസ് സിദ്ദീഖിയുടെ പാർട്ടിയുമായി ചേർന്ന് മൽസരിക്കാൻ അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം സന്നദ്ധത അറിയിച്ചിരുന്നു. സിദ്ദീഖിയും ഉവൈസിയും തമ്മിലുള്ള സഖ്യ ചർച്ചകൾ മധ്യസ്ഥനായി നിന്നത് സാബിർ ഗഫാറായിരുന്നു. മുസ് ലിം ഭൂരിപക്ഷ മേഖല ഉൾപ്പെടുന്ന നൂറോളം സീറ്റിൽ മൽസരിക്കുകയാണ് പുതിയ കൂട്ടുക്കെട്ടിന്‍റെ നീക്കം.
കേരളത്തിലും തമിഴ്നാട്ടിലും സ്വാധീനമുള്ള മുസ് ലിം ലീഗിന്‍റെ പ്രവർത്തനം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കത്തിന് സാബിർ ഗഫാർ മുൻകൈ എടുത്തിയിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിൽ ലീഗിന്‍റെ പ്രവർത്തനം വ്യാപിക്കുക എന്ന ആശയമാണ് മുസ് ലിം ലീഗ് ദേശീയ നേതൃത്വത്തിന് മുമ്പാകെ സാബിർ വെച്ചത്. കൂടാതെ, അബ്ബാസ് സിദ്ദീഖിയുമായി സഹകരിക്കുന്ന കാര്യവും ചർച്ച ചെയ്തു.
എന്നാൽ, വ്യക്തമായ മറുപടിയല്ല ലീഗ് നേതൃത്വത്തിൽ നിന്ന് ലഭിച്ചതെന്ന് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിൽ സാബിർ വിശദീകരിക്കുന്നുണ്ട്. പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടിയാണ് താൻ പ്രവർത്തിക്കുക. ഇതിന് അന്തരിച്ച ലീഗ് നേതാക്കളായ മുഹമ്മദ് ഇസ്മാഈൽ സാഹിബും ജി.എം. ബനാത്ത് വാലയും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും ഇ. അഹമ്മദും വഴിക്കാട്ടികളാണെന്നും വിഡിയോയിൽ യൂത്ത് ലീഗ് മുൻ അധ്യക്ഷൻ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, മമത ബാനര്‍ജിക്കൊപ്പം ഉറച്ചു നിൽക്കുന്ന മുസ് ലിം വോട്ടുകള്‍ ഭിന്നിക്കുമെന്ന വിലയിരുത്തലിന്‍റെ പശ്ചാത്തലത്തിലാണ് പശ്ചിമ ബംഗാളില്‍ പ്രവർത്തനം വ്യാപിക്കാനുള്ള നീക്കത്തിൽ നിന്ന് മുസ് ലിം ലീഗ് പിന്മാറിയത്. മുസ് ലിം വോട്ടുകള്‍ ഭിന്നിക്കുന്നത് ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നും ലീഗ് നേതൃത്വം വിലയിരുത്തിയിരുന്നു. യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനും പാണക്കാട് ഹൈദരലി തങ്ങളുടെ മകനുമായ മുഇൗനലി തങ്ങൾക്കാണ് സംഘടനയെ നയിക്കാനുള്ള താൽകാലിക ചുമതല നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.