എ.പി അബ്ദുല്ലക്കുട്ടിക്കെതിരെ വിമാനം പറത്തി യൂത്ത് ലീഗ് പ്രതിഷേധം
text_fieldsമലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടിക്കെതിരെ വിമാനം പറത്തി പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ. കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് സംബന്ധിച്ച അബ്ദുല്ലക്കുട്ടിയുടെ പരിഹാസ പ്രതികരണത്തിനെതിരെയായിരുന്നു പ്രതിഷേധം. യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഹജ്ജ് വിമാന നിരക്കിലെ അമിത വർധന സംബന്ധിച്ച മാധ്യമ പ്രവർത്തകന്‍റെ ചോദ്യത്തിന് നിരുത്തരവാദ മറുപടിയാണ് അബ്ദുല്ലക്കുട്ടി ഇന്നലെ നൽകിയത്. വിഷയത്തിൽ ഹജ്ജ് കമ്മിറ്റിക്ക് ഇടപെടാനാവില്ലെന്നും വാർത്ത റിപ്പോർട്ട് ചെയ്ത 'മീഡിയവൺ' ചെറിയ നിരക്കിൽ വിമാനം കൊണ്ടുവന്നാൽ നിരക്ക് കുറക്കാമെന്നുമായിരുന്നു അബ്ദുല്ലക്കുട്ടിയുടെ പരിഹാസം.
കോഴിക്കോട് വിമാനത്താവളം വഴി ഹജ്ജ് തീർഥാടനത്തിന് പോകുന്നവരിൽ നിന്ന് കൊച്ചി, കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരെക്കാൾ ഇരട്ടിയോളം ചാർജ് ഈടാക്കാനാണ് എയർ ഇന്ത്യയുടെ നീക്കം. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിൽ നിന്ന് 85,000 രൂപ നിരക്കിൽ ഹജ്ജ് യാത്ര സാധ്യമാകുമ്പോൾ കോഴിക്കോടിലേത് 1,65,000 രൂപയാണ്. കേരളത്തിലെ മൊത്തം ഹജ്ജ് യാത്രികരിൽ 78 ശതമാനം പേരും കോഴിക്കോട് വിമാനത്താവളത്തിൽ നിന്നാണ് യാത്ര ചെയ്യുക. കോഴിക്കോടിനൊപ്പം കൊച്ചിയും കണ്ണൂരുമാണ് ഹജ്ജ് എമ്പാർക്കേഷൻ പോയിൻറ്.
കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രാനിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ഇന്ന് കേന്ദ്ര വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ, ലീഗ് എം.പിമാർ ഡൽഹിയിലെത്തി കേന്ദ്ര ഹജ്ജ് കമ്മിറ്റിയുമായും വ്യോമയാന വകുപ്പുമായും ചർച്ച നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.