യൂത്ത് ലീഗ് സെക്രട്ടേറിയറ്റ് മാർച്ച്: പി.കെ. ഫിറോസ് റിമാൻഡിൽ
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടർന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാളയത്ത് ഉച്ചക്ക് 12.30 ഓടെയാണ് കന്റോൺമെന്റ് പൊലീസ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. പൊലീസിനെ ആക്രമിച്ചതടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കിയ ഫിറോസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഈ മാസം 18ന് നടന്ന മാർച്ചുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ 28 യൂത്ത് ലീഗ് നേതാക്കൾ റിമാൻഡിലാണ്. കേസിൽ ഒന്നാം പ്രതിയാണ് ഫിറോസ്. സ്റ്റേഷനിൽ ഹാജരാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ഫിറോസ് പാളയത്ത് എത്തിയതും പൊലീസിനെ വിവരം അറിയിച്ചതും. അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്നും ശക്തമായി നേരിടുമെന്നും അറസ്റ്റിന് ശേഷം ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു.
അധികാരത്തിന്റെ വമ്പ് കാണിച്ച് ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതാക്കാമെന്ന് സർക്കാറിന്റെ അതിമോഹം മാത്രമാണെന്നും ഭയപ്പെടുത്തലുകള്‍ക്ക് വഴങ്ങില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെ കന്റോൺമെന്റ് സ്റ്റേഷനിലെത്തി സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരങ്ങളെ പ്രോത്സാഹിപ്പിച്ച്, അനാവശ്യ സമരങ്ങള്പോലുമുണ്ടാക്കി അതിലൂടെ അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാര്‍ ജനകീയ സമരങ്ങളോട് ഇപ്പോള്‍ കാട്ടുന്ന അസഹിഷ്ണുത അത്ഭുതപ്പെടുത്തുന്നതാണ്. സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരേ ഇനിയും ഉച്ചത്തില്‍ സംസാരിക്കുകയും വേണ്ടിവന്നാല്‍ ജനകീയ പ്രക്ഷോഭങ്ങളുടെ മുന്നില്‍ നില്‍ക്കുകയും ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ജനവിരുദ്ധ നയങ്ങള്‍ കൈക്കൊള്ളുന്ന ഭരണകൂടങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി തുറുങ്കില്‍ അടക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, കെ.പി.എ. മജീദ് എം.എൽ.എ, ലീഗ് വനിത നേതാവ് ഫാത്തിമ തഹ്ലിയ എന്നിവരും പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.