കെ.ടി ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം
text_fieldsകൊച്ചി: മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്യുന്ന കൊച്ചിയിലെ എൻ.ഐ.എ ഓഫീസിലേക്ക് യൂത്ത്കോൺഗ്രസ്, യുവമോർച്ച, മഹിളാമോർച്ച സംഘടനകൾ പ്രതിഷേധമാർച്ച് നടത്തി. മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വിവിധയിടങ്ങളിൽ നടന്ന പ്രതിഷേധത്തിൽ സംഘർഷം ഉണ്ടായതായി റിപ്പോർട്ടുണ്ട്. ഡി.സി.പി പൂങ്കുഴലിയുടെ നേതൃത്വത്തിൽ കനത്ത സുരക്ഷാ സന്നാഹമാണ് ഓഫിസിന് മുന്നിൽ ഒരുക്കിയിരുന്നത്.
യൂത്ത്കോൺഗ്രസ് പ്രവർത്തകരാണ് രാവിലെ ഒൻപതോടെ പ്രതിഷേധവുമായി ആദ്യം എൻ.ഐ.എ ഓഫീസിലേക്ക് എത്തിയത്. മാർച്ച് പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി. പിന്നീട് പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. പിന്നാലെ യുവമോർച്ച പ്രതിഷേധവുമായി എൻ.ഐ.എ ഓഫീസിലെത്തി. ഇതും പോലീസ് തടഞ്ഞു. പിന്നീട് മഹിളാമോർച്ച പ്രവർത്തകരും മാർച്ചുമായി ഓഫിസിന് മുന്നിലെത്തുകയും ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിക്കുകയും ചെയ്തു.
മന്ത്രിയുെടെ രാജി ആവശ്യപ്പെട്ട് ജില്ലാതലത്തിലും യുവജനസംഘടനകൾ പ്രതിഷേധ മാർച്ചും ധർണയും നടത്തി. കൊല്ലം, തൃശൂർ, കോഴിക്കോട്, പാലക്കാട് എന്നിവടങ്ങളിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. പാലക്കാട്ട് നടന്ന പൊലീസ് ലാത്തിചാർജിൽ വി.ടി ബലറാം എം.എൽ.എക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
പുലർച്ചെ എൻ.ഐ.എ ഓഫിസിലെത്തിയ മന്ത്രി കെ.ടി ജലീലിനെ ഒൻപതോടെയാണ് എൻ.ഐ.എ ചോദ്യം ചെയ്യാനാരംഭിച്ചത്. ഇന്നലെ രാത്രി തിരുവനന്തപുരത്തെ ഒദ്യോഗിക വസതിയിൽ നിന്ന് പുറപ്പെട്ട മന്ത്രി പുലർച്ചെയോടെ ഓഫിസിലെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.