സി.പി.എം നേതാവിനെ ആക്രമിച്ച യുവാവ് റിമാൻഡിൽ
text_fieldsതൃശൂർ: സി.പി.എം നേതാവ് ബേബി ജോണിനെ േതക്കിൻകാട് മൈതാനിയിലെ ഇടതുമുന്നണി വേദിയിൽ ആക്രമിച്ച സംഭവത്തിൽ ചെന്ത്രാപ്പിന്നി സ്വദേശി ചിറക്കപ്പള്ളി മുന്നാക്കപ്പറമ്പിൽ ഷുക്കൂർ (34) അറസ്റ്റിൽ. ഇയാളെ റിമാൻഡ് ചെയ്തു. അപായപ്പെടുത്താൻ ശ്രമിച്ചെന്ന വകുപ്പാണ് ചുമത്തിയത്. ശനിയാഴ്ച രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ച് മടങ്ങിയ ശേഷമായിരുന്നു സംഭവം.
ഇയാൾക്ക് മാനസികാരോഗ്യക്കുറവുണ്ടെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെ തൃശൂരിലെത്തിയ ഇയാൾ തെരുവിൽ കഴിയുന്നവർക്കൊപ്പമിരുന്നാണ് ഭക്ഷണം കഴിച്ചത്. വി.എസ്. അച്യുതാനന്ദെൻറയും മുഖ്യമന്ത്രി പിണറായി വിജയെൻറയും ആരാധകനാണ്. പിണറായി പ്രസംഗിക്കുന്നുണ്ടെന്നറിഞ്ഞതോടെ തേക്കിൻകാട് മൈതാനിയിലെത്തിയതാണ്. തനിക്ക് ശാരീരിക പ്രയാസങ്ങളൊന്നുമില്ലെന്നും പെട്ടെന്നുള്ള വികാരപ്രകടനമായേ ഇതിനെ കാണുന്നുള്ളൂവെന്നും ബേബി ജോൺ പ്രതികരിച്ചു.
നേതാവിന് നേരെയുണ്ടായ കൈയേറ്റം ഗൗരവതരമെന്നാണ് ഇടതുമുന്നണി വിലയിരുത്തൽ. സംഭവത്തിൽ പൊലീസിന് സുരക്ഷവീഴ്ചയുണ്ടായെന്നതിനൊപ്പം പ്രവർത്തകർക്കും ജാഗ്രതക്കുറവുണ്ടായെന്നാണ് വിമർശനം. ബേബിജോൺ വേദിയിൽ വീണതിനാലും സമീപത്തുണ്ടായിരുന്നവർ ഉടൻ രക്ഷാപ്രവർത്തനം നടത്തിയതുമാണ് വലിയ അപകടമൊഴിവായത്. വേദിയിൽ നേതാക്കൾക്കൊപ്പം ഇരുന്ന ഷുക്കൂർ പോകാനെന്ന വ്യാജേന എഴുന്നേറ്റ ശേഷമാണ് പ്രസംഗിച്ചുകൊണ്ടിരുന്ന ബേബി ജോണിനെ തള്ളിയിട്ടത്.
ഇയാൾ വേദിയിലേക്ക് എത്തിയപ്പോൾ തടയാനോ, കാര്യം അന്വേഷിക്കാനോ വളൻറിയർമാരോ, നേതാക്കളോ തയാറായില്ല. വേദിയിൽ 15 മിനിറ്റോളം മന്ത്രി വി.എസ്. സുനിൽകുമാറിന് സമീപം ഇരുന്നു. അതിനിടെ, 'എെൻറ വടക്കാഞ്ചേരിയിൽ വന്ന് മാഷ്ക്ക് എന്നെ എന്ത് വേണമെങ്കിലും പറയാമെന്നും അതാണ് എെൻറ ഉറപ്പെന്നും' പരിഹസിച്ച് അനിൽ അക്കര സമൂഹമാധ്യമത്തിൽ കുറിപ്പിട്ടു. ലൈഫ് മിഷൻ വിവാദത്തെ പരോക്ഷമായി പരാമർശിച്ചായിരുന്നു കുറിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.