പാർട്ടിക്കുള്ളിൽ യുവതയുടെ പ്രാതിനിധ്യം 10 ശതമാനം പോലുമില്ല; സ്വയം വിമർശനപരമായി സി.പി.എം
text_fieldsകൊച്ചി: യുവതയുടെ പ്രാതിനിധ്യം പാർട്ടിക്കുള്ളിൽ 10 ശതമാനം പോലുമില്ലെന്ന് സ്വയം വിമർശനപരമായി വെളിപ്പെടുത്തി സി.പി.എം സംസ്ഥാന നേതൃത്വം. മന്ത്രിമാരായ സെക്രട്ടേറിയറ്റംഗങ്ങൾ പലരും യോഗത്തിൽ പങ്കെടുക്കുന്നില്ലെന്നും ചില നേതാക്കൾ സെക്രട്ടേറിയറ്റിൽ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങുന്ന നിലയാണ് കാണുന്നതെന്നും സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ വിമർശനമുണ്ട്.
സംസ്ഥാനത്തെ 25 വയസ്സിന് താഴെ പ്രായമുള്ളവരുടെ പാർട്ടി അംഗത്വത്തിലെ പ്രാതിനിധ്യം വെറും 9.42 ശതമാനം മാത്രമാണ്. വിദ്യാഭ്യാസ മേഖലയിൽ ബഹുജന സംഘടനക്കുള്ള പ്രാതിനിധ്യം പാർട്ടി അംഗത്വത്തിൽ പ്രതിഫലിക്കുന്നില്ല. വിദ്യാഭ്യാസ കാലയളവിൽ എസ്.എഫ്.ഐയുടെ ഭാഗമായി പ്രവർത്തിക്കുന്നവർ പിന്നീട് സി.പി.എമ്മിനെ കൈയൊഴിയുന്നതിനെ ഗൗരവമായി കണ്ട് അവരെ പാർട്ടി അംഗത്വത്തിലേക്ക് കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
സെക്രട്ടേറിയറ്റംഗങ്ങളായ മന്ത്രിമാർ അവൈലബിൾ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നില്ല. ചിലർ തലസ്ഥാനത്ത് ഉണ്ടായിട്ടും പങ്കെടുക്കുന്നില്ല. ഈ നില മാറണം. അതേസമയം ചില സെക്രട്ടേറിയറ്റംഗങ്ങൾ മികച്ച പ്രവർത്തനം കാഴ്ചവെക്കുബോൾ മറ്റു ചില നേതാക്കൾ എ.കെ.ജി സെൻറർ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്ന തീരുമാനം ലംഘിച്ചു. ചില നേതാക്കൾക്ക് ആരോഗ്യപ്രശ്നം മൂലം സജീവമാകാൻ കഴിയാത്ത സ്ഥിതിയുണ്ട്.
ഒരു കാലത്ത് പാർട്ടിക്കുള്ളിൽ ശക്തമായിരുന്ന സംസ്ഥാനതല വിഭാഗീയത പൂർണമായും അവസാനിച്ചു. സംസ്ഥാന കേന്ദ്രത്തിൽ ആരും വിഭാഗീയതയോടെയോ മുൻവിധിയോടെയോ പ്രവർത്തിക്കുന്നില്ല. ചില ജില്ലകളിൽ ഉണ്ടായ പ്രവണതകൾ പ്രാദേശികമായി സംഭവിച്ചതാണെന്ന് പാലക്കാട്, ആലപ്പുഴ ജില്ലകളെ ഉദ്ദേശിച്ച് വിശദീകരിക്കുന്നു. തനിക്ക് ചുറ്റും പാർട്ടി കേഡർമാരെ അണിനിരത്താൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം.
അത് മുളയിലേ തന്നെ നുള്ളിക്കളയും. കഴിഞ്ഞ നാലു വർഷത്തിനിടെ സി.പി.എം അംഗത്വത്തിൽ 63,906 അംഗങ്ങളുടെ വർധനവുണ്ടായി. 2016 ലെ തൃശൂർ സമ്മേളനത്തിൽ 4.36 ലക്ഷം ആയിരുന്ന അംഗത്വം 5.27 ലക്ഷമായി. ബ്രാഞ്ചുകൾ 3267 ൽ നിന്ന് 3682 ആയി. 121 ലോക്കൽ കമ്മിറ്റികളും വർധിച്ചു. പാർട്ടി അംഗസംഖ്യയിൽ 55.84 ശതമാനവും 2012 ന് ശേഷം വന്നവരാണ്. സ്ത്രീകളുടെ അംഗസംഖ്യ 17 ശതമാനത്തിൽനിന്ന് ഇക്കാലയളവിൽ 19.74 ശതമാനം ആയി. അംഗസംഖ്യയിൽ 1,04,093 പേർ സ്ത്രീകളാണ്. 1991 സ്ത്രീകൾ ബ്രാഞ്ച് സെക്രട്ടറിമാരായി. ജില്ല കമ്മിറ്റിയിൽ 10 ശതമാനം വനിതകളാണ്. ജില്ല സെക്രട്ടേറിയറ്റിൽ ഒരാൾ വനിതയാണെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.