പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് മരണം വരെ കഠിനതടവ്
text_fieldsതിരുവനന്തപുരം: പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് മരണം വരെ കഠിന തടവ്. ചെങ്കൽ മര്യാപുരം സ്വദേശി ഷിജു (26)വിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആർ. ജയകൃഷ്ണൻ ജീവിതാവസാനം വരെ ശിക്ഷിച്ചത്. 75,000 രൂപ പിഴ അടക്കാനും വിധിച്ചിട്ടുണ്ട്. യാതൊരു ദയയും അർഹിക്കുന്നില്ലാത്തതിനാൽ പ്രതിക്ക് മരണം വരെ കഠിന തടവ് ശിക്ഷ നൽകണം എന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് വിധി.
2019 ജനുവരിയിലാണ് പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പെൺകുട്ടിയുടെ വീട്ടിനടുത്ത് മരപ്പണിക്ക് വന്നതായിരുന്നു പ്രതി. കുട്ടി വീട്ടിൽ ഒറ്റക്കാണ് എന്നറിഞ്ഞ പ്രതി വെള്ളം വേണമെന്ന് പറഞ്ഞ് വീട്ടിലെത്തി. പെൺകുട്ടി വാതിൽ തുറന്ന് പ്രതി നൽകിയ കുപ്പിയുമായി അകത്ത് കയറിയ സമയം പ്രതി വീട്ടിനുള്ളിൽ കയറി. തുടർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു. കുട്ടി നിലവിളിച്ചെങ്കിലും അയൽവാസികളാരും കേട്ടില്ല. പുറത്ത് അറിയിച്ചാൽ വീട്ടുകാരെയടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി ആരോടും പറഞ്ഞില്ല. കുട്ടിയുടെ അച്ഛൻ മരണപ്പെട്ടിരുന്നു. അമ്മയും ചേട്ടനുമൊത്താണ് കഴിയുന്നത്.
മാനസികാഘാത്തത്തിലായിരുന്നു കുട്ടി. അടുത്ത ദിവസം പ്രതി വീണ്ടും വീട്ടിലെത്തി. ബെല്ലടിച്ചപ്പോൾ കുട്ടി വീട്ടിലെ സ്റ്റോർ മുറിയിൽ കയറി ഒളിച്ചിരുന്നു. കുറച്ച് നേരം കഴിഞ്ഞ് പ്രതി പോയോ എന്നറിയാൻ കുട്ടി എത്തിനോക്കിയത് പ്രതി കണ്ടു. വാതിൽ തുറന്നില്ലെങ്കിൽ കഴിഞ്ഞ ദിവസം നടന്ന കാര്യം പുറത്ത് പറയുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ഭയന്ന് വാതിൽ തുറന്ന കുട്ടിയെ അന്നേ ദിവസവും ബലാത്സംഗം ചെയ്തു.
മൂന്ന് മാസത്തിന് ശേഷം കുട്ടി ഗർഭിണിയായപ്പോഴാണ് വീട്ടുകാർ അറിയുന്നത്. തുടർന്നാണ് പൂജപ്പുര പൊലീസ് കേസെടുത്തത്. കുട്ടിയുടെ ശാരീരിക സ്ഥിതി മോശമായതിനാൽ വൈദ്യനിർദ്ദേശപ്രകാരം ഗർഭം അലസിപ്പിച്ചു. ഡി.എൻ.എ പരിശോധനയിൽ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത് ശാസ്ത്രീയമായി തെളിഞ്ഞു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർമാരായ ആർ.എസ്. വിജയ് മോഹൻ, ജെ.കെ. അജിത്ത് പ്രസാദ് എന്നിവർ ഹാജരായി. പൂജപ്പുര സി.ഐയായിരുന്ന പ്രേംകുമാറാണ് കേസ് അന്വേഷിച്ചത്. 12 സാക്ഷികളെ വിസ്തരിച്ചു. ഇരയായ പെൺകുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.