ന്യൂ ഇയർ ആശംസ പറഞ്ഞില്ലെന്ന്; തൃശൂരിൽ യുവാവിനെ 24 തവണ കുത്തി വീഴ്ത്തി കാപ്പ കേസ് പ്രതി
text_fieldsതൃശൂർ: ന്യൂ ഇയർ ആശംസ പറഞ്ഞില്ലെന്ന പേരിൽ സുഹൃത്തായ യുവാവിനെ കാപ്പ കേസ് പ്രതി കുത്തിവീഴ്ത്തി. ശുഹൈബ് എന്ന യുവാവിനെയാണ് കാപ്പ കേസ് പ്രതിയായ ഷാഫി 24 തവണ കുത്തിയത്. ഗുരുതര പരിക്കേറ്റ ശുഹൈബിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി മുള്ളൂർക്കരയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. ബൈക്കിൽ പോകവേ ശുഹൈബ്, ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന ഷാഫി അടക്കമുള്ളവരുടെ അടുത്ത് വാഹനം നിർത്തി എല്ലാവരോടും ‘ഹാപ്പി ന്യൂ ഇയർ’ പറഞ്ഞു. എന്നാൽ, ഷാഫിയോട് മാത്രം പറഞ്ഞില്ലെന്നാരോപിച്ച് കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് ശുഹൈബിനെ കുത്തിവീഴ്ത്തുകയായിരുന്നു. സംഭവ സമയത്ത് പ്രതി മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി തൃശൂർ നഗരമധ്യത്തിൽ യുവാവിനെ 16കാരൻ കുത്തിക്കൊലപ്പെടുത്തിയതിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് ഈ സംഭവം. ചൊവ്വാഴ്ച രാത്രി 8.45ഓടെയായിരുന്നു നഗരത്തെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. തൃശൂർ പാലിയം റോഡ് ടോപ് റെസിഡൻസി എടക്കുളത്തൂർ വീട്ടിൽ ജോൺ ഡേവിഡിന്റെ മകൻ ലിവിനാണ് (29) കൊല്ലപ്പെട്ടത്. പൂത്തോൾ സ്വദേശിയായ 16കാരനാണ് കുത്തിയത്.
പ്രതിയും സുഹൃത്തുക്കളും സ്വരാജ് റൗണ്ടിന്റെ കിഴക്കുഭാഗത്ത് ഇരിക്കുകയായിരുന്നു. ഇവിടേക്ക് മദ്യപിച്ചെത്തിയ ലിവിൻ കുട്ടികളുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നെന്ന് പറയുന്നു. തുടർന്ന് 16കാരൻ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. 16കാരനെയും ഒപ്പമുണ്ടായിരുന്ന 15കാരനെയും തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ലിവിന്റെ മൃതദേഹം ജില്ല ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.