തൃശൂരിൽ ട്രെയിനിറങ്ങിയവരുടെ ബാഗ് തട്ടിപ്പറിച്ചു; തർക്കത്തിനിടെ യുവാവ് കുത്തേറ്റുമരിച്ചു
text_fieldsതൃശ്ശൂർ: റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി പുറത്തുകടന്ന യുവാക്കളുടെ ബാഗ് തട്ടിപ്പറിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഒളരിക്കര തെക്കേൽ വീട്ടിൽ ചന്ദ്രന്റെ മകൻ ശ്രീരാഗ് (26) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് സംഭവങ്ങളുണ്ടായത്. ദിവാൻജിമൂല പാസ്പോർട്ട് ഓഫിസിന് സമീപത്ത് വെച്ചായിരുന്നു സംഘട്ടനം. മരിച്ച ശ്രീരാഗിന്റെ സഹോദരങ്ങളായ ശ്രീരാജ് , ശ്രീനേഗ്, പ്രതിയായ അൽത്താഫ് എന്നവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ശ്രീനേഗിന് കുത്തേറ്റിട്ടുണ്ട്. മറ്റ് രണ്ട് പേർക്ക് അടി പിടിയിലുള്ള പരിക്കാണ്.
ശ്രീരാഗും സംഘവും തൃശൂർ റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ്ഫോമിലിറങ്ങി പുറത്തേക്ക് വരികയായിരുന്നു. ദിവാൻജിമൂല കോളനിക്കുള്ളിലൂടെയാണ് ഇവർ പുറത്തേക്ക് വന്നത്. ഇവരുടെ കൈയിലുണ്ടായിരുന്ന ബാഗ് അൽത്താഫും സംഘവും പരിശോധിച്ചതോടെ തർക്കമായി. വലിച്ചുവാരിയിട്ട സാധനങ്ങൾ തിരികെവയ്ക്കാൻ ആവശ്യപ്പെട്ടുണ്ടായ തർക്കമാണ് കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
പരിക്കേറ്റ ശ്രീരാഗിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. അക്രമിസംഘത്തിൽ അഞ്ചുപേർ ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇരുസംഘത്തിലുംപെട്ട രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.