കണക്കിലെടുത്തത് യുവത്വം; പ്രവർത്തന മികവ്
text_fieldsതിരുവനന്തപുരം: 15 മാസത്തിനുശേഷം മന്ത്രിസഭ അഴിച്ചുപണിക്ക് ആദ്യ സാഹചര്യം ഒരുങ്ങിയപ്പോൾ അത് എം.ബി. രാജേഷ് ആയത് സ്വാഭാവികം. സഭയിൽ രണ്ടുതവണയായി ഭരണപക്ഷത്തിന്‍റെ പടക്കുതിരയായ എ.എൻ. ഷംസീറിനെ നിയമസഭയുടെ നാഥനാക്കാനുള്ള തീരുമാനം കാത്തുവെച്ചിരുന്ന അംഗീകാരവുമായി.
വെള്ളിയാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നിൽ ഒരു അജണ്ട മാത്രമാണ് ഉണ്ടായിരുന്നത്. എം.വി. ഗോവിന്ദന് പകരം എം.ബി. രാജേഷ് മന്ത്രിസഭയിലേക്കും എ.എൻ. ഷംസീർ പകരം സ്പീക്കറുമാകട്ടെയെന്ന മുഖ്യമന്ത്രിയുടെ നിർദേശം സെക്രട്ടറി എം.വി. ഗോവിന്ദൻ മുന്നോട്ടുവെച്ചു. ഐകകണ്ഠ്യേനയായിരുന്നു തീരുമാനം. മന്ത്രി വി. ശിവൻകുട്ടിക്ക് എതിരെയുള്ള കേസ് കോടതിയുടെ പരിഗണനക്ക് വരുന്നെങ്കിലും അതിനെ നിയമപരമായി നേരിടാമെന്ന നിലപാടാണ് സെക്രട്ടേറിയറ്റ് എടുത്തത്. സജി ചെറിയാന് എതിരായ കേസിന്‍റെ ഭാവി നോക്കിയശേഷമേ ആ ഒഴിവിന്‍റെ കാര്യം പരിഗണിക്കൂ. ഗോവിന്ദന്‍റെ രാജിക്ക് പിന്നാലെ മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ചുള്ള അഭ്യൂഹം ശക്തമായിരുന്നു.
നേതൃത്വത്തിനിടയിൽ ഷംസീറിന്‍റെയും രാജേഷിന്‍റെയും പേരുകൾക്കായിരുന്നു മുൻതൂക്കം. പുതുമുഖം, ഒപ്പം യുവത്വം എന്നതിലാണ് മുഖ്യമന്ത്രി നിന്നത്. കോടിയേരി ബാലകൃഷ്ണനും നിലപാട് അറിയിച്ചിരുന്നു. ഗോവിന്ദന് പകരം സീനിയറായ ഒരാൾ വരണമെന്ന നിലപാടായിരുന്നു നേതൃത്വത്തിനും മുഖ്യമന്ത്രിക്കും. പാർലമെന്‍റിലെ മികച്ച പ്രവർത്തന പാരമ്പര്യം, ജനപ്രതിനിധിയെന്ന നിലയിലെ പൊതു അംഗീകാരം, സംഘടനതലത്തിലെ പ്രവർത്തന പരിചയം എന്നിവയാണ് രാജേഷിന് മുതൽക്കൂട്ടായത്. സ്പീക്കർ സ്ഥാനത്തിരുന്നുള്ള പ്രവർത്തനത്തിലും പാർട്ടിക്ക് പൂർണ തൃപ്തിയായിരുന്നു.
ഗോവിന്ദന് പകരക്കാരൻ കണ്ണൂരിൽ നിന്നുതന്നെ മതിയെന്ന നിലപാടായിരുന്നു സെക്രട്ടേറിയറ്റിന്. കോടിയേരിയുടെ വാത്സല്യഭാജനമായ ഷംസീറിന് അർഹമായ അംഗീകാരമെന്നത് കൂടിയാണ് സ്പീക്കർ പദവി. തുടർച്ചയായ രണ്ട് തവണയായി തലശ്ശേരിയിൽനിന്നുള്ള എം.എൽ.എയായ ഷംസീറിന് അടുത്ത പ്രാവശ്യം സംഘടനയിലേക്ക് തിരികെ വരേണ്ടിവന്നേക്കും. ഇതുകൂടി പരിഗണിച്ചാണ് ഷംസീറിനെ പരിഗണിച്ചത്. ഭരണപക്ഷത്തെ 'ബഹളക്കാരനായി' അറിയപ്പെടുന്ന ഷംസീറിന് പക്ഷേ, കക്ഷി ഭേദമന്യേ സൗഹൃദങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.