കോടികൾ വിലവരുന്ന തിമിംഗല ഛർദിലുമായി യുവാക്കൾ പിടിയിൽ
text_fieldsതാമരശ്ശേരി: കോടികൾ വിലവരുന്ന തിമിംഗല ഛർദിലുമായി (ആമ്പർ ഗ്രീസ്) രണ്ടു യുവാക്കളെ കോഴിക്കോട് ഫോറസ്റ്റ് വിജിലൻസ് വിഭാഗവും താമരശ്ശേരി റെയിഞ്ച് ഉദ്യോഗസ്ഥരും ചേർന്നു പിടികൂടി. കൊടുവള്ളി കിഴക്കോത്ത് ആയിക്കോട്ടിൽ അജ്മൽ റോഷൻ (29), നീലേശ്വരം മലയമ്മ മഠത്തിൽ സഹൽ (29) എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് എൻ.ജി.ഒ ക്വാർട്ടേഴ്സിനടുത്ത് തിമിംഗല ഛർദിൽ വിൽപനക്കായി സംഘം എത്തുന്നുണ്ടെന്ന് കോഴിക്കോട് വിജിലൻസ് ഡി.എഫ്.ഒ കെ.കെ. സുനിൽ കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ പിടികൂടിയത്. അഞ്ചു കിലോയോളം തിമിംഗല ഛർദിൽ കണ്ടെടുത്തു. ഇവർ വന്ന കാറും വനപാലകർ കസ്റ്റഡിയിൽ എടുത്തു. ഒന്നരവർഷം മുമ്പ് ഇന്തോനേഷ്യയിൽനിന്നു കൊണ്ടുവന്നതാണ് തിമിംഗല ഛർദിലെന്ന് പ്രതികൾ പറഞ്ഞതായി താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ച് ഓഫിസർ എം.കെ. രാജീവ് കുമാർ പറഞ്ഞു.
രണ്ടര കോടി രൂപക്ക് വിൽപന ഉറച്ച് സാധനം കൈമാറുന്നതിനായി സംഘം എത്തിയപ്പോഴാണ് ഇവർ പിടിയിലായത്. വനപാലകർ ആവശ്യക്കാരെന്ന് ധരിപ്പിച്ച് തന്ത്രത്തിൽ ഇവരെ വലയിലാക്കുകയായിരുന്നു. കാറുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളിലൊരാളെ വനപാലക സംഘം പിന്തുടരുകയും തുടർന്ന് കാറിൽനിന്ന് ഇറങ്ങി ഓടിയപ്പോൾ പിന്തുടർന്ന് പിടിക്കുകയുമായിരുന്നു. പ്രതികളെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ട് റിമാൻഡ് ചെയ്തു.
കോഴിക്കോട് വിജിലൻസ് റെയിഞ്ച് ഓഫിസർ പി. പ്രഭാകരൻ, താമരശ്ശേരി റെയിഞ്ച് ഓഫിസർ എം.കെ. രാജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റർ എബിൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ മുഹമ്മദ് അസ്ലം, ആസിഫ്, ദേവാനന്ദൻ, സനോജ്, ശ്രീനാഥ്, ഡ്രൈവർ പ്രസാദ്, ജിതേഷ്, ജിതീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.