കൈവശം യുറേനിയമെന്ന് യുവാക്കൾ; പൊലീസ് അന്വേഷണം ആരംഭിച്ചു
text_fieldsറാന്നി: യുറേനിയം കൈവശമുണ്ടെന്ന യുവാക്കളുടെ അവകാശവാദത്തിെൻറ നിജസ്ഥിതി അറിയാൻ പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരത്തുനിന്ന് എത്തിയ സംഘം നടത്തിയ പരിശോധനയിൽ ഉമിക്കരിപോലുള്ള വസ്തുവിൽ റേഡിയേഷൻ ഇല്ലെന്നാണ് സൂചന. ചൊവ്വാഴ്ച എറണാകുളത്തുനിന്നുള്ള പ്രത്യേകസംഘം വിശദ പരിശോധന നടത്തുമെന്ന് റാന്നി സി.ഐ കെ.എസ്. വിജയൻ അറിയിച്ചു.
റാന്നി വലിയകുളം സ്വദേശികളായ പ്രശാന്ത്, സുനിൽ എന്നിവരാണ് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് തങ്ങളുടെ കൈവശം കുറച്ച് യുറേനിയമുണ്ട് എന്ന് അറിയിച്ചത്. ''ഇത് കൈയിൽ സൂക്ഷിക്കുന്നത് അപകടമാണെന്ന് മനസ്സിലായി. നിങ്ങൾ ദയവായി ഇവിടെ വന്ന് കൊണ്ടുപോകണം''-ഇതായിരുന്നു ഞായറാഴ്ച രാത്രി കൺട്രോൾ റൂമിൽ വിളിച്ച യുവാക്കളുടെ ആവശ്യം. റാന്നി സ്റ്റേഷനിൽനിന്ന് വൈകാതെ പൊലീസ് വിളിച്ചയാളുടെ വീട്ടിലെത്തി. ഇതേപോലെ കുറച്ചുസാധനം കൂട്ടുകാരെൻറ വീട്ടിലുമുണ്ടെന്ന് യുവാവ് പറഞ്ഞു. പിന്നാലെ പൊലീസ് രണ്ടുപേെരയും കസ്റ്റഡിയിലെടുത്തു.
സുനിലിനെയും പ്രശാന്തിനെയും ചോദ്യം ചെയ്തപ്പോൾ മല്ലപ്പള്ളി സ്വദേശി വിജയകുമാറാണ് ഇത് നൽകിയെതന്ന് പറഞ്ഞതായി പൊലീസ് അറിയിച്ചു. ഒമ്പതുമാസം മുമ്പ് വിജയകുമാറിനൊപ്പം കാറിൽ പോയി തമിഴ്നാട്ടിലെ കൂടങ്കുളത്തിന് അടുത്തുനിന്ന് വാങ്ങിയതാണെന്നാണ് ഇവർ പറയുന്നത്. ഇതുകൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് വിജയകുമാർ പറഞ്ഞുവത്രേ. വിൽപനക്ക് നിരവധി ഇടനിലക്കാർ വന്നെങ്കിലും കച്ചവടം നടന്നില്ല. ഇത് സമ്പുഷ്ട യുറേനിയമാണെന്ന് വിവരിക്കുന്ന രണ്ട് സർട്ടിഫിക്കറ്റും ഇവരുടെ കൈയിലുണ്ട്. ഇതും വ്യാജനാണെന്നാണ് കരുതുന്നത്. തെൻറ കൈയിൽ യുറേനിയം ഉണ്ടെന്ന് പ്രശാന്ത് മാതാവിനോട് പറയുകയായിരുന്നു. യുറേനിയമാണെങ്കിൽ അപകടമാണെന്ന് മാതാവ് പറഞ്ഞതുകേട്ട് ഇൻറർനെറ്റിൽ പരതിയ പ്രശാന്ത് പൊലീസിനെ വിളിക്കുകയായിരുന്നത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.