ടിപ്പുവിന്‍റെ സിംഹാസനം വിൽപനക്കെന്ന്; പത്തുകോടിയോളം രൂപ തട്ടിയ യുട്യൂബർ മോൻസൻ മാവുങ്കൽ അറസ്റ്റിൽ
text_fieldsകൊച്ചി: പുരാവസ്തു വിൽപനക്കാരെനന്ന പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ യുട്യൂബർ അറസ്റ്റിൽ. ചേർത്തല സ്വദേശിയും കൊച്ചി കേന്ദ്രീകരിച്ച് പുരാവസ്തുക്കളുടെ വിൽപന നടത്തുകയും ചെയ്യുന്ന മോൻസൻ മാവുങ്കലിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ടിപ്പു സുൽത്താന്‍റെ സിംഹാസനം, ബൈബിളിൽ പറയുന്ന മോശയുടെ അംശ വടി തുടങ്ങിയ തന്‍റെ കൈവശമുണ്ടെന്ന് മോൻസൻ അവകാശപ്പെട്ടിരുന്നു. പുരാവസ്തു വിൽപനയുടെ ഭാഗമായി കോടിക്കണക്കിന് രൂപ അക്കൗണ്ടിലെത്തിയെന്ന വ്യാജരേഖ കാണിച്ച് അഞ്ചുപേരിൽനിന്ന് 10 കോടിയോളം രൂപ തട്ടിയെടുത്തതായാണ് പരാതി. ശനിയാഴ്ച ചേർത്തലയിൽനിന്നാണ് ഇയാളെ കൊച്ചി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
തുക വിട്ടുകിട്ടാൻ താൽകാലിക നിയമതടസങ്ങളുണ്ടെന്നും അതിനാൽ തന്നെ സഹായിച്ചാൽ ബിസിനസ് ആവശ്യങ്ങൾക്ക് പണം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിപ്പ്. എന്നാൽ സിംഹാസനം അടക്കമുള്ളവ ചേർത്തലയിലെ ആശാരി നിർമിച്ചതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതോടെ ഇവ ഒറിജിനൽ അല്ല, പകർപ്പാണെന്ന് പറഞ്ഞുതന്നെയാണ് പുരാവസ്തുക്കൾ വിറ്റിരുന്നതെന്ന് മോൻസൻ പൊലീസിനോട് പറഞ്ഞു.
കൂടാതെ കോസ്മറ്റോളജിയിൽ ഡോക്ടറേറ്റുണ്ടെന്ന അവകാശവാദവും ഇയാൾ നടത്തിയിരുന്നു. ഇതും വ്യാജമാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. സിനിമ മേഖലയിൽനിന്ന് അടക്കമുള്ള ഉന്നത ബന്ധങ്ങൾ ചൂണ്ടിക്കാട്ടിയാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് വിവരം. ഞായറാഴ്ച ഉച്ചക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.