യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി
text_fieldsതിരുവനന്തപുരം: യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്. എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടേതാണ് നടപടി. തുടർച്ചയായ നിയമലംഘനങ്ങളുടെ പേരിലാണ് സഞ്ജുടെക്കിയുടെ ലൈസൻസ് റദ്ദാക്കിയത്.
സഞ്ജുടെക്കി നടത്തിയ നിയമലംഘനങ്ങൾ കണ്ടെത്താൻ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. ഇവർ സഞ്ജുടെക്കിയുടെ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മോട്ടോർവാഹന വകുപ്പ് സഞ്ജു ടെക്കിയിൽ നിന്നും വിശദീകരണം തേടി. എന്നാൽ, നിയമം അറിയാത്തതിനാലാണ് തനിക്ക് ഇത്തരം തെറ്റുകൾ പറ്റിയതെന്നായിരുന്നു സഞ്ജുവിന്റെ വിശദീകരണം. തൃപ്തികരമല്ലാത്ത വിശദീകരണമാണ് സഞ്ജു നൽകിയതെന്നും ഇതിനാലാണ് ലൈസൻസ് റദ്ദാക്കുന്നതെന്നുമാണ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അറിയിച്ചിരിക്കുന്നത്.
നേരത്തെ കാറിനുള്ളിൽ സ്വിമ്മിങ് പൂളൊരുക്കിയുള്ള സഞ്ജു ടെക്കിയുടെ യാത്ര വിവാദത്തിലായിരുന്നു. തുടർന്ന് മോട്ടോർ വാഹനവകുപ്പ് ഇതിൽ കേസെടുക്കുകയും വാഹനമോടിച്ചയാളുടെ ലൈസൻസ് റദ്ദാക്കാനും വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനും തീരുമാനിച്ചിരുന്നു. ഹൈകോടതിയും വിഷയത്തിൽ ഇടപ്പെട്ടിരുന്നു.
മോട്ടോർ വാഹന വകുപ്പിന്റെ നടപടികളെ പരിഹസിച്ച് വിഡിയോ ഇട്ടതോടെയാണ് സഞ്ജു ടെക്കി വിഷയത്തിൽ ഹൈകോടതി ഇടപെടലുണ്ടായത്. സഞ്ജുടെക്കിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യൂട്യൂബ് വ്ലോഗറുടെ ഭാഗത്ത് നിന്നും ഭീഷണിയുണ്ടായാൽ അറിയിക്കണമെന്നുമായിരുന്നു ഹൈകോടതി മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.