വീടും പ്രദര്‍ശനശാലയാക്കിയ കലാകാരന്‍
text_fieldsബംഗളൂരു: സ്വന്തം വീടും പ്രദര്‍ശനശാലയാക്കിയ കലാകാരനാണ് ചൊവ്വാഴ്ച വിടപറഞ്ഞ യൂസുഫ് അറയ്ക്കല്‍. ബംഗളൂരു കുന്തലഹള്ളിയിലെ എ.ഇ.സി.എസ് ലേഒൗട്ടിലുള്ള ‘അറയ്ക്കല്‍’ വീട് ആരുമൊന്ന് നോക്കിപ്പോകും. ചുവരിലടക്കം കരിങ്കല്ലുകള്‍ പതിച്ച് അലങ്കരിച്ച ഇരുനില വീട്ടിലേക്ക് കടന്നുചെല്ലുമ്പോള്‍ വരവേല്‍ക്കുന്നത് 1970കളിലെ ഫോക്സ്വാഗണ്‍ കാര്‍. ബംഗളൂരുവിലത്തെിയശേഷം വാങ്ങിയ ആദ്യ കാറായിരുന്നു ഇത്. മരണംവരെ വീട്ടിലെ ഒരംഗത്തെപ്പോലെയാണ് ഇതിനെ പരിപാലിച്ചത്.
അകത്തേക്ക് കയറിയാല്‍ ചുവര്‍ നിറയെ ഫ്രെയിംചെയ്ത വിവിധ വലുപ്പത്തിലുള്ള ചിത്രങ്ങള്‍. സ്വയം വരച്ചതും ഭാര്യ സാറയുടെ ‘ഗാലറി സാറ അറയ്ക്കല്‍’ എന്ന ആര്‍ട്ട് ഗാലറിയിലേക്ക് പലരും സ്നേഹോപഹാരം നല്‍കിയതുമായിരുന്നു ഇവ. കളിമണ്ണിലും വെങ്കലത്തിലും സ്റ്റീലിലുമെല്ലാം തീര്‍ത്ത ശില്‍പങ്ങളും പുരാവസ്തുക്കളും തൊപ്പികളുമെല്ലാം വീടിന് അഴകാകുന്നു. മുകളിലേക്ക് കയറിയാല്‍ വിശാലമായ പുസ്തകശേഖരം.
ലോകംകണ്ട മികച്ച ചിത്രകാരന്മാരുടെയും ശില്‍പികളുടെയുമെല്ലാം പുസ്തകങ്ങള്‍ക്കൊപ്പം നോവലുകളും കവിതകളുമെല്ലാം ഇടംപിടിച്ചിരിക്കുന്നു. രണ്ടര പതിറ്റാണ്ടോളം മുമ്പ് നിര്‍മിച്ച വീട് രൂപകല്‍പന ചെയ്തത് ഒറ്റപ്പാലത്തുകാരനായ ആര്‍കിടെക്ട് ശങ്കരന്‍ നായരാണ്. യൂസുഫ് അറയ്ക്കലിന്‍െറ വളര്‍ച്ചയില്‍ ഇദ്ദേഹം വലിയ പങ്കുവഹിച്ചതായും അക്കാലത്ത് അത്ര മനോഹരമായ വീട് ബംഗളൂരുവിലില്ലായിരുന്നെന്നും ശിഷ്യരായ കോഴിക്കോട് നടക്കാവ് സ്വദേശി ഷഫീഖ് പുനത്തിലും പാലക്കാട് കുത്തന്നൂര്‍ സ്വദേശി മോഹനും സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.