വാഗ്ദാനം നിറവേറ്റി യൂസുഫലി; ഗാന്ധിഭവനിലെ അമ്മമാര്‍ക്കായി 15 കോടിയുടെ മന്ദിരം
text_fieldsകൊല്ലം: പത്തനാപുരം ഗാന്ധിഭവനിലെ നിരാലംബരായ അമ്മമാര്‍ക്ക് സുഖസൗകര്യങ്ങളോടെ താമസിക്കാന്‍ നിർമിച്ചുനല്‍കുന്ന ബഹുനില മന്ദിരം സന്ദര്‍ശിക്കാന്‍ ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലി എത്തി. ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍, ട്രസ്റ്റി പ്രസന്ന രാജന്‍, വൈസ് ചെയര്‍മാന്‍ പി.എസ്. അമല്‍രാജ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഗാന്ധിഭവന്‍ ഭാരവാഹികള്‍ക്കൊപ്പം കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ അദ്ദേഹം പാവപ്പെട്ട മൂന്ന് അമ്മമാര്‍ ചേര്‍ന്നായിരിക്കും ഉദ്ഘാടനം നിര്‍വഹിക്കുക എന്നറിയിച്ചു.
അമ്മമാരെ നോക്കേണ്ടത് മക്കളുടെ കടമയാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'പാവപ്പെട്ടവരെ സഹായിക്കണമെന്ന് ആദ്യം പറഞ്ഞുതന്നത് ഉമ്മയാണ്. ഒരുപാട് രാജ്യത്ത് ജനങ്ങള്‍ക്കായി സേവനം ചെയ്ത മാതാവാണ്. എന്നാലാവുന്ന രീതിയില്‍ സഹായങ്ങള്‍ ചെയ്യുന്നുണ്ട്. എന്നെ വ്യക്തിപരമായി ആക്രമിക്കുന്ന ഒരുപാട് സമൂഹമാധ്യമങ്ങളുണ്ട്. അതൊന്നും മുഖവിലക്കെടുക്കാറില്ല' -അദ്ദേഹം പറഞ്ഞു.
15 കോടിയോളം മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കിയ മൂന്നുനില മന്ദിരത്തില്‍ അത്യാധുനിക സൗകര്യങ്ങളെല്ലാമുണ്ട്. രണ്ട് ലിഫ്റ്റുകള്‍, ലബോറട്ടറി, ഫാര്‍മസി, ലൈബ്രറി, വിനോദസൗകര്യങ്ങള്‍, പൊതുവായ പ്രാർഥനാഹാള്‍ കൂടാതെ മൂന്നു മതസ്ഥര്‍ക്കും പ്രത്യേകം പ്രാര്‍ഥന മുറികള്‍, ഡൈനിങ് ഹാളുകള്‍, കിടപ്പുരോഗികള്‍ക്ക് പ്രത്യേക പരിചരണ സംവിധാനങ്ങള്‍, ഡോക്ടര്‍മാരുടെ പരിശോധന മുറി, തീവ്രപരിചരണ വിഭാഗങ്ങള്‍, ആധുനിക ശുചിമുറി ബ്ലോക്കുകള്‍, ഓഫിസ് സംവിധാനം എന്നിവയുണ്ട്. 300 അഗതികള്‍ക്ക് താമസിക്കാനാകും. രണ്ടു മണിക്കൂറിലധികം ഗാന്ധിഭവനിൽ ചെലവഴിച്ചാണ് യൂസുഫലി മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.