ഉമ്മൻ ചാണ്ടിയുടെ ആഗ്രഹം നിറവേറ്റി യൂസുഫലി;എറികാട് സ്കൂളിന് സ്വന്തം ബസ്
text_fieldsകോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ ഏറ്റവും വലിയ യു.പി സ്‌കൂളുകളിലൊന്നായ എറികാട് ഗവ. യു.പി സ്‌കൂളിന് സ്‌കൂള്‍ ബസ് നൽകി ഉമ്മൻ ചാണ്ടിയുടെആഗ്രഹം സാക്ഷാത്കരിച്ച് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യുസുഫലി.
നേരത്തേ ഈ ആവശ്യവുമായി സ്‌കൂളിലെ അധ്യാപകരും വിദ്യാർഥികളും ഉമ്മന്‍ ചാണ്ടിയെ സന്ദർശിച്ചപ്പോൾ എം.എ. യൂസുഫലി നാട്ടിലെത്തുമ്പോള്‍ അദേഹത്തെ കണ്ട് ബസ് വാങ്ങിനല്‍കാമെന്ന് ഉറപ്പുനൽകിയിരുന്നു. ബംഗളൂരുവിലേക്ക് ചികിത്സക്കായി പോകുന്നതിന് മുമ്പായിരുന്നു സംഭവം.
എന്നാൽ, ആരോഗ്യപ്രശ്നങ്ങൾ വർധിച്ചതോടെ ഈ ഉറപ്പ് പാലിക്കാനായില്ല. ശനിയാഴ്ച കബറിടം സന്ദര്‍ശിക്കാന്‍ പുതുപ്പള്ളിയിലെത്തിയ യുസുഫലിക്ക് മുന്നിൽ ചാണ്ടി ഉമ്മനും സ്‌കൂൾ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഉമ്മന്‍ ചാണ്ടിയുടെ വാക്ക് ഓര്‍മിപ്പിക്കുകയായിരുന്നു. വിദ്യാർഥികളുടെ വാക്കുകൾ ശ്രദ്ധയോടെ കേട്ട യൂസുഫലി, എത്രപേര്‍ക്ക് കയാറാവുന്ന ബസ് വേണമെന്ന് ചോദിച്ചു. 45പേര്‍ക്ക് കയറാന്‍ കഴിയുന്ന ബസ് മതിയെന്ന് അധ്യാപകര്‍ പറഞ്ഞതോടെ ഉടന്‍ ബസ് വാങ്ങിനല്‍കാൻ നിര്‍ദേശം നല്‍കി. ബസ് ലഭിക്കാന്‍ താമസം നേരിട്ടാല്‍ ചാണ്ടി ഉമ്മനെ അറിയിക്കണമെന്ന നിര്‍ദേശവും സ്‌കൂള്‍ അധ്യാപകര്‍ക്ക് നല്‍കി. 400ൽ അധികം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളാണ് പുതുപ്പള്ളി എറികാട് ഗവ. യു.പി സ്കൂൾ. ആത്മസുഹൃത്തിനോടുള്ള സ്നേഹർപ്പണമായാണ് അദ്ദേഹം നൽകിയ ഉറപ്പ് പാലിക്കുന്നതെന്ന് എം.എ. യൂസുഫലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.