യൂസഫലി ഇടപെട്ടു; സുഹൃത്തിന്റെ ചതിയിൽപെട്ട് രണ്ടര വർഷം സൗദി ജയിലിൽ കഴിഞ്ഞ പ്രവാസി നാട്ടിലെത്തി
text_fieldsതിരുവനന്തപുരം: സൗദി അറേബ്യയിൽ രണ്ടര വർഷത്തെ കാരാഗൃഹവാസത്തിനു ശേഷം തിരുവനന്തപുരം വിതുര സ്വദേശി റഷീദ് നാടണഞ്ഞു. വ്യാജ സാമൂഹ്യപ്രവർത്തകൻ ചമഞ്ഞെത്തിയ സുഹൃത്തിന്റെ വാക്ക് കേട്ടതിനാലാണ് റഷീദ് ജയിലിൽ അകപ്പെടാൻ ഇടയായത്.
നാല് വർഷം മുമ്പാണ് ഹൗസ് ഡ്രൈവർ വിസയിൽ റഷീദ് ജിദ്ദയിലെത്തുന്നത്. എന്നാൽ സ്വദേശിയായ സ്പോൺസർ റഷീദിനെ തന്റെ സ്പെയർ പാർട്സ് കടയിൽ ജോലി ചെയ്യാൻ നിർബന്ധിച്ചു. സ്വദേശിവത്കരണം ശക്തമായ രാജ്യത്ത് പരിശോധന ശക്തമാക്കിയ സമയത്താണ് റഷീദിന്റെ ജീവിതം മാറ്റിമറിച്ച സംഭവമുണ്ടായത്. സ്വദേശി തൊഴിലെടുക്കെണ്ട തസ്തികയിൽ വിദേശിയെ കണ്ട പൊലീസ് അടുത്ത തവണ പരിശോധനക്കെത്തുമ്പോൾ തൊഴിൽ സ്ഥലത്ത് കണ്ടാൽ അറസ്റ്റ് ചെയ്യുമെന്ന് റഷീദിന് മുന്നറിയിപ്പ് നൽകി. ഇത് കേട്ട് ഭയന്ന റഷീദ് തൊഴിലിടം വിട്ട് സുഹൃത്തിന്റെ അടുത്ത് അഭയം തേടി.
പാസ്പോർട്ട് സ്പോൺസറുടെ അടുത്ത് ആയതിനാൽ ഉടൻ നാട്ടിലെത്താൻ സാമഹ്യ പ്രവർത്തകൻ ചമഞ്ഞ് അടുത്തെത്തിയ ഷാൻ എന്നയാളുടെ വാക്ക് കേട്ടതാണ് റഷീദിന് വിനയായത്. ഇതിനിടയിൽ റഷീദ് ഒളിച്ചോടിയെന്ന പരാതിയും സ്പോൺസർ കൊടുത്തിരുന്നു.
ജിദ്ദയിലെ നാട് കടത്തൽ കേന്ദ്രത്തെ സമീപിച്ചാൽ ജയിലിടച്ച് മൂന്ന് ദിവസത്തിനുള്ളിൽ നാട്ടിലെത്തുമെന്നാണ് ഷാൻ റഷീദിനെ പറഞ്ഞ് വിശ്വസിപ്പിച്ചത്. ഇതിനായി നാലായിരം റിയാൽ റഷീദിൽ നിന്നും വാങ്ങിയെടുത്ത ഷാനെ പിന്നീട് കണ്ടിട്ടില്ല. മൂന്ന് ദിവസം കൊണ്ട് നാട്ടിലെത്തുമെന്ന് കരുതിയ റഷീദ് 28 മാസമാണ് ജയിലിൽ കിടന്നത്. ഇതിനിടയിൽ ജിദ്ദയിൽ നിന്നും റിയാദിലെ ജയിലിലേക്ക് റഷീദിനെ മാറ്റിയിരുന്നു. ജയിൽ മോചനത്തിനായി വിവിധ കേന്ദ്രങ്ങളെ റഷീദിന്റെ മാതാപിതാക്കൾ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
തുടർന്ന് വിഷയം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ് മോചനത്തിന് വഴിയൊരുക്കിയത്. ഇതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളെല്ലാം റിയാദ് ലുലു ഗ്രൂപ്പ് അധികൃതരുടെ ഇടപെടൽ മൂലം പരിഹരിച്ചാണ് റഷീദിനെ സൗദി കോടതി ജയിൽ മോചിതനാക്കിയത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി റിയാദിൽ നിന്നും മുംബൈ വഴി ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ റഷീദിനെ സഹോദരൻ റമീസും മറ്റ് ബന്ധുക്കളും സ്വീകരിച്ചു. സഹോദരന്റെ മോചനത്തിനായി പരിശ്രമിച്ച എം.എ. യൂസഫലിക്കും ലുലു ഗ്രൂപ്പ് റിയാദ് ഓഫിസിനും റമീസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.